ന്യൂഡല്‍ഹി: ബാബ്റി മസ്ജിദ് കേസില്‍ ബിജെപി നേതാക്കള്‍ക്കെതിരെ സുപ്രീംകോടതി ഗൂഢാലോചനാകുറ്റം പുനസ്ഥാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി മുതിര്‍ന്ന മന്ത്രിമാരുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്തി. ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ഐടി മന്ത്രി വെങ്കയ്യ നായിഡു, ഗതാഗത മന്ത്രി നിതിന്‍ ഗഢ്കരി എന്നിവരും കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു.
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ബാബ്റി മസ്ജിദ് സംബന്ധിച്ച ചര്‍ച്ച യോഗത്തില്‍ ഉണ്ടായിട്ടുണ്ടോയെന്ന് വ്യക്തമല്ല.
ബാബ്റി കേസിൽ ബിജെപിയുടെ മുതിർന്ന നേതാവ് എൽ.കെ അദ്വാനി, മുരളീ മനോഹർ ജോഷി, ഉമാഭാരതി, കല്യാൺ സിങ് എന്നിവർ വിചാരണ നേരിടണമെന്നാണ് ഇന്ന് കോടതി ഉത്തരവിട്ടത്.
അദ്വാനിയെയും ബിജെപി നേതാക്കളെയും വിട്ടയച്ച അലഹബാദ് കോടതിയുടെ വിധി സുപ്രീംകോടതി റദ്ദാക്കി. കേസിൽ 13 പേർ വിചാരണ നേരിടണം.എന്നാൽ രാജസ്ഥാൻ ഗവർണ്ണറായ കല്യാൺ സിങ്ങിനെ വിചാരണയിൽ നിന്ന് ഒഴിവാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ഗവർണ്ണർക്ക് ലഭിക്കുന്ന ഭരണ ഘടന പരിരക്ഷമൂലമാണ് കല്യാൺ സിങ്ങിനെ വിചാരണയിൽ നിന്ന് ഒഴിവാക്കിയത്. 1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ക്കുന്നത്. ഇതിനെ തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപത്തില്‍ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്.
ഗൂഢാലോചനക്കുറ്റത്തിൽ നിന്ന് അദ്വാനി അടക്കമുള്ളവരെ ഒഴിവാക്കണമെന്ന സിബിഐയുടെ അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചു. 2 വർഷത്തിനുള്ളിൽ കേസിന്റെ വിചാരണ പൂർത്തിയാക്കണമെന്നും യാതൊരു കാരണവശാലും കേസ് മാറ്റിവെക്കാൻ പാടില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. കേസിന്റെ വിചാരണ കാലയളവിൽ ജഡ്ജിയെ സ്ഥലം മാറ്റാൻ പാടില്ലെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ കേസിന്റെ വിചാരണ റായ്ബറേലി കോടതിയിൽ നിന്നും ലക്നൗ കോടതിയിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്.