ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജിയുടെ അനുഗ്രഹം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ രണ്ട് ദിവസം ശേഷിക്കെയാണ് മോദി പ്രണബ് മുഖര്‍ജിയുടെ അനുഗ്രഹം തേടിയെത്തിയത്. പ്രണബ് മുഖര്‍ജിയെ കാണുന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി ട്വിറ്ററില്‍ കുറിച്ചു. പ്രണബ് മുഖര്‍ജിയുടെ അറിവും ഉള്‍ക്കാഴ്ചയും സമാനതകളില്ലാത്തതാണെന്ന് മോദി പറഞ്ഞു. രാജ്യത്തിന് വേണ്ടി ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുള്ള രാഷ്ട്രതന്ത്രജ്ഞനാണ് പ്രണബ് മുഖര്‍ജിയെന്നും മോദി ട്വിറ്ററില്‍ കൂട്ടിച്ചേര്‍ത്തു. ജനുവരിയില്‍ മോദി സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശത്തിലൂടെ പ്രണബ് മുഖര്‍ജിയ്ക്ക് ഭാരത രത്‌ന ലഭിച്ചിരുന്നു.

Read More: ‘വോട്ടിങ് യന്ത്രങ്ങളിലെ ക്രമക്കേട് ആശങ്കയുണ്ടാക്കുന്നു’; വാക്ക് മാറ്റി പ്രണബ് മുഖര്‍ജി

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ദിവസങ്ങള്‍ ശേഷിക്കെ പ്രണബ് മുഖര്‍ജി നടത്തിയ പരാമര്‍ശം ഏറെ ചര്‍ച്ചയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് മികച്ച രീതിയിലാണ് പൂര്‍ത്തിയായതെന്ന് പറഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രശംസിച്ച പ്രണബ് മുഖര്‍ജി പിന്നീട് നിലപാട് മാറ്റുകയായിരുന്നു. വോട്ടിങ് യന്ത്രങ്ങളിലെ ക്രമക്കേടുകളെ കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു. വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കടമയാണെന്നും അതിനുള്ള ഉത്തരവാദിത്തം കമ്മീഷനുണ്ടെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രശംസിച്ചുള്ള പ്രണബിന്റെ പ്രസ്താവന വിവാദമായിരുന്നു. അതിനു പിന്നാലെയാണ് പുതിയ പ്രസ്താവന ഇറക്കിയത്.

തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രശംസിച്ച് പ്രണബ് പറഞ്ഞത് ഇങ്ങനെ: ‘ഈ സ്ഥാപനങ്ങള്‍ വളരെ നല്ല രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. പല വര്‍ഷങ്ങളായി നിര്‍മ്മിച്ചവയാണ് ഇവ. ഒരു മോശം തൊഴിലാളി മാത്രമാണ് തന്റെ ഉപകരണത്തെ കുറ്റം പറയുക. നല്ല തൊഴിലാളിക്ക് ഈ ഉപകരണങ്ങള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാം,’ പ്രണബ് മുഖര്‍ജി പറഞ്ഞു.

Read More: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുള്‍പ്പടെ മൂന്ന് പേർക്ക് ഭാരത രത്‌ന

‘ആദ്യ തിരഞ്ഞെടുപ്പ്​ കമ്മീഷണറായ സുകുമാർ സെൻ മുതൽ ഇതുവരെയുള്ള തിരഞ്ഞെടുപ്പ്​ കമ്മീഷണർമാർ മികച്ച രീതിയിലാണ്​ പ്രവർത്തിച്ചത്​. മൂന്ന്​ തിരഞ്ഞെടുപ്പ്​ കമ്മീഷണർമാരേയും നിയമിച്ചത്​ എക്​സിക്യൂട്ടീവ്​ ആണ്​. അവർ അവരുടെ ജോലി ഭംഗിയായി ​ചെയ്യുന്നുണ്ട്. മികച്ച രീതിയിലാണ്​ തിരഞ്ഞെടുപ്പ്​ സംഘടിപ്പിച്ചതെന്നും അവരെ വിമർശിക്കാനാവില്ലെന്നും പ്രണബ്​ മുഖർജി കൂട്ടിച്ചേർത്തു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook