ഗുജറാത്തില്‍ മോദിയുടെ വേഷവിധാനത്തോടെ റാലിയില്‍ പ്രധാനമന്ത്രിയെ കാണാനെത്തിയ ബാലന്റെ വിഡിയോ പ്രചരിക്കുന്നു. ബുധനാഴ്ച നടന്ന റാലിക്കിടെയാണ് മോദിയുടെ ചെറുപതിപ്പായ ഒരു കുട്ടി മോദിക്കൊപ്പം വേദി പങ്കിട്ടത്. മോദിയെ പോലെ വെളുത്ത താടിയും, കണ്ണടയും, ജാക്കറ്റും കാവി ഷാളും ധരിച്ച കുട്ടിയുടെ വിഡിയോ മോദി തന്നെ ട്വീറ്റ് ചെയ്തു. 24 മണിക്കൂറിനുളളില്‍ 21,000 പേരാണ് വിഡിയോ ലൈക്ക് ചെയ്തത്. ആറായിരത്തോളം തവണ റീട്വീറ്റ് ചെയ്യുകയും ചെയ്തു.

മോദി ആവശ്യപ്പെട്ടത് പ്രകാരം കുട്ടി വേദിയിലെത്തി. തുടര്‍ന്ന് അദ്ദേഹം പറഞ്ഞത് പോലെ ജനങ്ങളോട് കൈവീശി കാണിക്കുകയും ചെയ്തു. വേദിയില്‍ നിരന്ന മറ്റ് ബിജെപി നേതാക്കള്‍ക്ക് കിട്ടാത്തത്രയും കരഘോഷമാണ് കുട്ടിക്ക് ലഭിച്ചതെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല.

പോകാന്‍ നേരം കുട്ടിയുടെ കൈപിടിച്ച മോദി കൈത്തണ്ടയില്‍ കെട്ടിയിരുന്ന കറുത്ത ചരടും ശ്രദ്ധിച്ചു. ഇതും മോദിയുടെ കൈയിലേത് പോലത്തെ തന്നെയായിരുന്നു. ഇതുകൂടി കണ്ടതോടെ മോദിക്ക് പോലും ചിരിയടക്കാനായില്ല. ഇതിന്റെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒന്നിന് പിറകെ ഒന്നായി നിരവധി റാലികളിലാണ് മോദി പങ്കെടുക്കുന്നത്. ഡിസംബര്‍ 9നും 14നും രണ്ട് ഘട്ടങ്ങളിലായാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 18ന് വോട്ടെണ്ണും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ