ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ മാതാവിനെ സന്ദര്‍ശിച്ചു. അഹമ്മദാബാദിലെ റൈസാന്‍ ഗ്രാമത്തില്‍ വെച്ചാണ് അദ്ദേഹം ഹീരാബെന്നിനെ സന്ദര്‍ശിച്ചത്. അഹമ്മദാബാദില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. ഗാന്ധിനഗറിനടുത്താണ് ഹിരാബെന്‍ താമസിക്കുന്നത്.
മോദിയുടെ സഹോദരനായ പങ്കജ് മോദിയുടെ കൂടെയാണ് മാതാവിന്റെ താമസം. വളരെ വിരളമായി മാത്രമാണ് പ്രധാനമന്ത്രി മാതാവിന്റെ അടുത്ത് എത്താറുളളത്.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി അഹമ്മദാബാദിലെത്തിയത്. മാതാവിനൊപ്പം അരമണിക്കൂറോളം ചെലവഴിച്ചാണ് മോദി മടങ്ങിയത്. മാതാവിനെ സന്ദര്‍ശിക്കും മുമ്പ് മോദി പ്രശസ്തമായ ധോലേശ്വര് മഹാദേവ് ക്ഷേത്രം സന്ദര്‍ശിച്ചു. ശിവരാത്രി ദിനം ആയത് കൊണ്ട് തന്നെ ക്ഷേത്രത്തില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.
അമ്മ ഹീരാബെന്‍, സഹോദരന് പങ്കജ് മോദി, ഏതാനും അടുത്ത ബന്ധുക്കള്‍ എന്നിവര്‍ വീട്ടിലുണ്ടായിരുന്നു. 2017 സെപ്തംബറില്‍ തന്റെ പിറന്നാള്‍ ദിനത്തിലും മോദി വീട്ടിലെത്തിയിരുന്നു. ‘ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മുതലുള്ള ശീലമാണ്, എല്ലാ പിറന്നാള്‍ ദിനത്തിലും വീട്ടിലെത്തി അമ്മയുടെ അനുഗ്രഹം വാങ്ങിക്കുകയെന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതുണ്ടായില്ല,’ അന്ന് മോദി പറഞ്ഞു.