ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വ ഗുണങ്ങള്‍ അംഗീകരിക്കുമ്പോഴും തനിക്ക് ഇന്ത്യയെന്നാല്‍ ഇന്ദിരയാണെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. കശ്മീരിനെക്കുറിച്ച് ദില്ലിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. ടി.വി ചാനലുകളില്‍ എല്ലാവരും കാണുന്ന കശ്മീര്‍ അല്ല യഥാര്‍ത്ഥ കശ്മീര്‍ എന്നും മെഹ്ബൂബ പറഞ്ഞു.

‘ഈ കാലഘട്ടത്തിന്റെ നേതാവ് മോദി തന്നെയാണ്. കശ്മീരിനെ ഇപ്പോഴത്തെ കഷ്ടതകളില്‍ നിന്നും രക്ഷിക്കാന്‍ അദ്ദേഹത്തോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കും. ഇതൊക്കെയാണെങ്കിലും തന്നെ സംബന്ധിച്ച് ഇന്ത്യയെന്നാല്‍ ഇന്ദിര തന്നെയായിരുന്നു. ചിലര്‍ക്കൊക്കെ അതിഷ്ടപ്പെടില്ല. പക്ഷെ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നത് ഇന്ദിര തന്നെയായിരുന്നു.’

കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവിയെ ദുര്‍ബലപ്പെടുത്താനുള്ള ഏതുതരം ശ്രമങ്ങളെയും ശക്തമായി എതിര്‍ക്കും. ഇന്ത്യയേയും കശ്മീരിനേയും രണ്ടായി കാണുന്ന മാധ്യമ അവതരണങ്ങളില്‍ വിഷമമുണ്ടെന്നും മെഹബൂബ മുഫ്തി പറഞ്ഞു. കശ്മീര്‍ ഇന്ത്യക്കുള്ളിലെ ചെറിയ ഇന്ത്യയാണെന്നും വൈവിധ്യങ്ങള്‍ നിറഞ്ഞ സംസ്ഥാനമാണെന്നും പറഞ്ഞ മെഹ്ബൂബ മുഫ്തി സംസ്ഥാനത്ത് മതവിവേചനമുണ്ടെന്നതിനെ തള്ളി കൂടുതല്‍ മതേതരത്വത്തിലേക്ക് സംസ്ഥാനം നീങ്ങുന്നുവെന്നും വ്യക്തമാക്കി. ‘ആസാദി’ വികാരം മാറി മറ്റൊരു മികച്ച ആശയത്തിലേക്ക് എത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ