ന്യൂഡല്‍ഹി: പാര്‍ലമെന്റ് പരിസരത്ത് സംഘടിപ്പിച്ച പ്രത്യേക ‘മില്ലെറ്റ് ഒണ്‍ലി’ ഉച്ചവിരുന്നില്‍ തീന്മേശ പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി യും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മറ്റ് എം പിമാരും. കര്‍ണാടകയില്‍നിന്നുള്ള പാചകക്കാര്‍ ജോവര്‍, ബജ്റ, റാഗി എന്നിവ കൊണ്ടുള്ള റൊട്ടിയും മധുരപലഹാരങ്ങളുമാണു വിരുന്നിനായി ഒരുക്കിയത്.
കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറാണു വിരുന്ന് സംഘടിപ്പിച്ചത്. ഖാര്‍ഗെ, മന്ത്രി നരേന്ദ്ര തോമര്‍, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, രാജ്യസഭാ ചെയര്മാന് ജഗ്ദീപ് ധങ്കര്‍ എന്നിവരോടൊപ്പം ഇരുന്നാണു മോദി ഉച്ചഭക്ഷണം കഴിച്ചത്.
”2023 നെ അന്താരാഷ്ട്ര മില്ലെറ്റ് വര്‍ഷമായി ആചരിക്കാന്‍ നാം തയാറെടുക്കുമ്പോള്‍, പാര്‍ലമെന്റില്‍ വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തില്‍ പങ്കെടുത്തു. അവിടെ മില്ലെറ്റ് വിഭവങ്ങള്‍ വിളമ്പി. വിവിധ കക്ഷികളില്‍നിന്നുള്ള പങ്കാളിത്തം കാണുന്നതില്‍ സന്തോഷം,” പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു.
”ജോവര്‍, ബജ്റ, റാഗി എന്നിവ കൊണ്ടുള്ള റൊട്ടിയും മധുരപലഹാരങ്ങളും തയാറാക്കി. ഇതിനായി കര്‍ണാടകയില്‍നിന്ന് പാചകക്കാരെ പ്രത്യേകമായി കൊണ്ടുവരികയായിരുന്നു,” കൃഷി സഹമന്ത്രി ശോഭ കരന്ദ്ലാജെ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് പറഞ്ഞു.
ചെറുധാന്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞദിവസം ബി ജെ പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ എം പിമാരോട് മോദി അഭ്യര്‍ഥിച്ചിരുന്നു. ”ഇന്ത്യന്‍ കര്‍ഷകരില്‍ 85 ശതമാനവും ചെറുകിട കര്‍ഷകരുടെ വിഭാഗത്തില്‍ പെടുന്നതിനാല്‍, ഈ ധാന്യങ്ങളുടെ ഉപഭോഗം വര്‍ധിക്കുന്നത് അവരെ സാമ്പത്തികമായി സഹായിക്കും,” അദ്ദേഹം എം പിമാരോട് പറഞ്ഞതായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു.
പോഷകാഹാരം കൂടുതലായ ധാന്യങ്ങള്‍ ജനങ്ങളുടെ ജനപ്രിയ ഭക്ഷണമായി മാറ്റണമെന്ന് ആവശ്യപ്പെടണമെന്ന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, കേന്ദ്ര സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഐക്യരാഷ്ട്രസഭ 2023 നെ അന്താരാഷ്ട്ര മില്ലെറ്റ് വര്‍ഷമായി പ്രഖ്യാപിച്ചതായും പറഞ്ഞു.
ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ജി-20 യുമായി ബന്ധപ്പെട്ട, പതിനായിരക്കണക്കിനു വിദേശ പ്രതിനിധികള്‍ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്ന നിരവധി യോഗങ്ങളുടെ മെനുവില്‍ ചെറുധാന്യങ്ങളുണ്ടാകുമെന്നു പ്രധാനമന്ത്രി പറഞ്ഞു. അങ്കണവാടികളിലും സ്കൂളുകളിലും വീടുകളിലും സര്‍ക്കാര്‍ യോഗങ്ങളിലും ഇവ ഉപയോഗിക്കാമെന്നും എംപി മാര്‍ തങ്ങളുടെ യോഗങ്ങളുടെ ഭാഗമാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.