ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസിന്റെ താരപ്രചാരകയും നേതാവുമായ വിജയശാന്തി രംഗത്ത്. മോദിയെ കാണാന്‍ തീവ്രവാദിയെ പോലെയുണ്ടെന്ന് വിജയശാന്തി പറഞ്ഞു. തെലങ്കാനയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടി പങ്കെടുത്ത റാലിയിലായിരുന്നു മുന്‍ നടി കൂടി ആയ വിജയശാന്തിയുടെ പരാമര്‍ശം.
‘മോദി എപ്പോഴാണ് ബോംബേറ് നടത്തുക എന്ന കാര്യമോര്‍ത്ത് ജനങ്ങളെല്ലാം പേടിക്കുകയാണ്. അദ്ദേഹത്തെ കാണാന്‍ തീവ്രവാദിയെ പോലെയുണ്ട്. ജനങ്ങളെ സ്നേഹിക്കേണ്ടതിന് പകരം പേടിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരു പ്രധാനമന്ത്രി ഇത് പോലെയല്ല പെരുമാറേണ്ടത്,’ വിജയശാന്തി പറഞ്ഞു.
ഇതേ റാലിയില്‍ തന്നെ രാഹുല്‍ ഗാന്ധിയും മോദിയെ രൂക്ഷമായി വിമര്‍ശിച്ചു. പാവപ്പെട്ടവരെന്നും പണക്കാരെന്നും തരംതിരിച്ച് രണ്ട് ഇന്ത്യക്കാരെ ആണ് മോദി ഉണ്ടാക്കുന്നതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ‘കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി മോദി രണ്ട് തരത്തിലുളള ഇന്ത്യക്കാരെ ആണ് ഉണ്ടാക്കുന്നത്. സ്വകാര്യ വിമാനങ്ങളില്‍ പറന്ന് അവര്‍ക്ക് വേണ്ടത് നേടുന്ന അനില്‍ അംബാനിയെ പോലെയുളള ഇന്ത്യക്കാരാണ് അതില്‍ ഒന്നാമത്തേത്. വായ്പ എഴുതി തളളാന്‍ കൈകൂപ്പി നില്‍ക്കുന്ന കര്‍ഷകരുളള വിഭാഗമാണ് രണ്ടാമത്തേത്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.