വരാനിരിക്കുന്ന യുഎന്‍ പൊതുസമ്മേളനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബറില്‍ യുഎസ് സന്ദര്‍ശനം നടത്തുമെന്നും സന്ദര്‍ശന വേളയില്‍ ഹ്യൂസ്റ്റണില്‍ എത്തി അദ്ദേഹം ഇന്ത്യന്‍-അമേരിക്കക്കാരെ അഭിസംബോധന ചെയ്യുമെന്നും കമ്മ്യൂണിറ്റി നേതാക്കള്‍.

ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഈ വര്‍ഷം അവസാനം യുഎസിലേക്ക് പോകുന്ന നരേന്ദ്രമോദി, അമേരിക്കയിലെ ചിക്കാഗോ, ഹ്യൂസ്റ്റണ്‍ എന്നീ നഗരങ്ങളിലെ പ്രവാസികളെയാണ് അഭിസംബോധന ചെയ്യുക.

അതേസമയം യാത്രയെ കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ വന്നിട്ടില്ല. സെപ്റ്റംബര്‍ 23ന് കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള യുഎന്‍ പ്രത്യേക യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കാന്‍ പ്രധാനമന്ത്രി ഹ്യൂസ്റ്റണില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പോകുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.

പ്രധാനമന്ത്രി സംസാരിക്കുന്ന തിയ്യതി ഇതുവരെ അന്തിമമായിട്ടില്ലെന്ന് വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ സെപ്റ്റംബര്‍ 22ന് ഹ്യൂസറ്റണില്‍ പ്രഭാണത്തിനായുള്ള ഒരുക്കങ്ങള്‍ നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

2014ല്‍ പ്രധാനമന്ത്രിയായതിനു ശേഷം മോദി ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന മൂന്നാമത്തെ പ്രധാന പ്രസംഗമാണിത്. 2014ല്‍ ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനിലും 2016ല്‍ സിലിക്കണ്‍ വാലിയിലുമായിരുന്നു ഇതിന് മുമ്പ് അദ്ദേഹം സംസാരിച്ചത്. രണ്ട് പരിപാടികളിലും 20,000ത്തില്‍ അധികം ആളുകള്‍ പങ്കെടുത്തിരുന്നു.

പരിപാടിയുടെ കാര്യങ്ങളിൽ അന്തിമ തീരുമാനം ആയില്ലെങ്കിലും 70,000 പേർക്കുവരെ ഇരിക്കാവുന്ന മൾട്ടി പർപ്പസ് എൻ‌ആർ‌ജി സ്റ്റേഡിയത്തിനായാണ് നേതാക്കൾ ശ്രമിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്.

യുഎസിലെ ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന്റെ ഏറ്റവും വലിയ കേന്ദ്രങ്ങളിലൊന്നാണ് ഹ്യൂസ്റ്റൺ. ടെക്സസ് ഗവർണറും ഹ്യൂസ്റ്റൺ മേയറും കഴിഞ്ഞ വർഷം ഇന്ത്യ സന്ദർശിച്ചിരുന്നു.

ടെക്സസ് മുൻ ഗവർണറും നിലവിലെ ഊർജ സെക്രട്ടറിയുമായ റിക്ക് പെറിക്ക് ഇന്ത്യയുമായും ഇന്ത്യൻ അമേരിക്കക്കാരുമായും അടുത്ത ബന്ധമാണുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook