ന്യൂഡല്‍ഹി: അമേരിക്ക ഉള്‍പ്പടെ മൂന്നു രാഷ്ട്രങ്ങൾ സന്ദര്‍ശിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി യാത്ര പുറപ്പെട്ടു. നാളത്തെ പോര്‍ച്ചുഗല്‍ സന്ദര്‍ശനത്തിന് ശേഷം ഞായറാഴ്ച മോദി അമേരിക്കയിലെത്തും. തിങ്കളാഴ്ച അമേരിക്കൻ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തും. ട്രംപുമായുള്ള മോദിയുടെ ആദ്യകൂടിക്കാഴ്ചയാണിത്. മുന്‍പ്രസിഡന്റ് ബറാക് ഒബാമയുമായി ഇന്ത്യക്കുണ്ടായിരുന്ന നയതന്ത്രബന്ധം ട്രംപുമായി തുടരാനാകുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. നെതർലന്റ്സിലും മോദി സന്ദർശനം നടത്തും.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്​തമാക്കാനാണ്​ ത​ന്റെ അ​മേരിക്കൻ സന്ദർശനമെന്ന്​ പ്രധാനമന്ത്രി അറിയിച്ചു. വാഷിങ്​ടണിലേക്ക്​ പുറപ്പെടുന്നതിനുമുമ്പ്​ ട്വിറ്ററിലാണ്​ മോദി ഇക്കാര്യം അറിയിച്ചത്​. അമേരിക്കയിൽ പുതിയ രാഷ്​ട്രീയ സാഹചര്യങ്ങൾ ഉടലെടുത്ത സാഹചര്യത്തിൽ മുന്നോട്ടുപോകാനുള്ള ദീർഘകാല വിഷൻ ഉണ്ടാക്കുകയാണ്​ ലക്ഷ്യം. ഇന്ത്യ-യു.എസ്​ ബന്ധം ശക്​തമാകുന്നത്​ ലോകത്തിനും ഇന്ത്യക്കും ഗുണം ചെയ്യും. ട്രംപുമായി മുമ്പ്​ ഫോണിൽ സംസാരിച്ചിരുന്നു. പൊതു വിഷയങ്ങളിൽ പരസ്​പര സഹകരണം ഉണ്ടാകുന്നത്​ ഇരുരാജ്യങ്ങൾക്കും ഗുണംചെയ്യുമെന്നും മോദി പറഞ്ഞു.

എച്ച്-1 ബി വിസ പ്രശ്നം സന്ദര്‍ശനവേളയില്‍ മോദി ഉന്നയിക്കുമെന്നുകരുതുന്നതായി യുഎസിലെ ഉന്നതോദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞു. ഇപ്പോഴത്തെ എച്ച്1-ബി വിസച്ചട്ടങ്ങളില്‍ ഇളവ് വരുത്തണമെന്ന് മോദി ആവശ്യപ്പെടും. വാണിജ്യ, പ്രതിരോധരംഗങ്ങളിലെ സഹകരണവും ചര്‍ച്ചയാവും. മോദിയുടെ സന്ദര്‍ശനത്തിനുമുമ്പായി വിദേശകാര്യ സെക്രട്ടറി എസ് ജയ്ശങ്കര്‍ യുഎസ് വിദേശകാര്യ സെക്രട്ടറി റെക്സ് ടിലേഴ്സണുമായി കൂടിക്കാഴ്ച നടത്തും.

വാഷിങ്ടൻ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനു മുന്നോടിയായി ഇന്ത്യയ്ക്കു അത്യാധുനിക പ്രിഡേറ്റർ ഗാർഡിയൻ ഡ്രോണുകൾ വിൽക്കാൻ യുഎസ് കോൺഗ്രസിന്റെ അനുമതി ലഭിച്ചിരുന്നു. 22 ആളില്ലാ വിമാനങ്ങൾ വിൽക്കാനാണ് അനുമതി. മൂന്നു ബില്യൺ ഡോളറിന്റെ ഇടപാടാണിത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന് യുഎസിൽനിന്ന് അറിയിപ്പു ലഭിച്ചു. നാറ്റോയ്ക്ക് പുറത്തുള്ള രാജ്യത്തിന് യുഎസ് ആദ്യമായാണ് ഡ്രോണുകൾ വിൽക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook