ന്യൂഡൽഹി: ഏഷ്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. മധ്യപ്രദേശിലെ രിവ ജില്ലയിൽ സ്ഥാപിച്ചിരിക്കുന്ന 750 മെഗാവാട്ട് ഉത്‌പാദനശേഷിയുള്ള അൾട്രാ മെഗാ സോളാർ പ്ലാന്റ് വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
“ഇപ്പോൾ മാത്രമല്ല, 21-ാം നൂറ്റാണ്ടിലെ തന്നെ ഏറ്റവും ആവശ്യമുള്ള ഊർജ്ജ മാധ്യമമായ സൗരോർജ്ജം മാറും. ഇപ്പോൾ ലോകത്തെ തന്നെ മികച്ച അഞ്ച് സൗരോർജ്ജ ഉൽപാദക രാജ്യമായി ഇന്ത്യ മാറി. ശുദ്ധമായ ഊർജ്ജത്തിന്റെ ഏറ്റവും ആകർഷകമായ ആഗോള വിപണിയായി ഇന്ത്യ മാറി,” സോളർ പ്ലാന്റ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.
രിവ സോളാർ പ്ലാന്റിലൂടെ ഇവിടുത്തെ വ്യവസായങ്ങൾക്ക് വൈദ്യുതി മാത്രമല്ല, ഡൽഹിയിലെ മെട്രോ റെയിലിനും അതിന്റെ ഗുണം ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രിവയ്‌ക്ക് പുറമേ, ഷാജാപൂർ, നീമുച്ച്, ഛത്തർപൂർ എന്നിവിടങ്ങളിലെ സൗരോർജ്ജ നിലയങ്ങളുടെ പണി പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന് ഉൽപ്പാദനത്തിന്റെ 24 ശതമാനം നൽകാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. അവശേഷിക്കുന്ന 76 ശതമാനവും മധ്യപ്രദേശിൽ തന്നെ ലഭ്യമാക്കും.
1,590 ഏക്കറോളം വിസ്തൃതിയിലാണ് സോളാർ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. പ്ലാന്റ് പ്രവർത്തനമാരംഭിക്കുന്നതോടെ വർഷം തോറും പുറത്തുവരുന്ന കാർബൺഡൈ ഓക്സൈഡിന്റെ അളവിൽ 15 ലക്ഷം ടണ്ണോളം കുറയുമെന്ന് മധ്യപ്രദേശ് സർക്കാർ അവകാശപ്പെടുന്നത്. 500 ഹെക്ടറുകളിൽ വീതം സ്ഥിതി ചെയ്യുന്ന 250 മെഗാവാട്ട് ഉത്‌പാദനശേഷിയുള്ള മൂന്ന് സോളാർ യൂണിറ്റുകളാണ് സോളാർ പാർക്കിലുള്ളത്.