ന്യൂഡൽഹി: “ഇന്ത്യയിൽ ജനാധിപത്യമില്ല” എന്ന പ്രസ്താവന നടത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലക്ഷ്യംവച്ചുള്ള പരാമർശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പുതുച്ചേരിയിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് തടയുന്നവർ തന്നെ ജനാധിപത്യത്തിന്റെ പാഠങ്ങൾ നൽകാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പുതുച്ചേരിയിൽ പഞ്ചായത്ത്, മുനിസിപ്പൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി നിർദേശിച്ചിട്ടും സംസ്ഥാന സർക്കാർ അത് നടത്തുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. “സുപ്രീം കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടും പുതുച്ചേരിയിൽ പഞ്ചായത്തും മുനിസിപ്പൽ തിരഞ്ഞെടുപ്പും നടക്കുന്നില്ല. പുതുച്ചേരിയിൽ അധികാരത്തിലിരിക്കുന്നവർ തദ്ദേശ തിരഞ്ഞെടുപ്പ് നടത്താത്താതെ എനിക്ക് ജനാധിപത്യത്തിന്റെ പാഠങ്ങൾ നൽകുന്നു. ജനാധിപത്യത്തിന്റെ പാഠങ്ങൾ എന്നെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നവരാണ് അവിടെ സർക്കാരിനെ നയിക്കുന്നത്,” അദ്ദേഹം പരിഹസിച്ചു. ജമ്മു കശ്മീരിൽ ആയുഷ്മാൻ ഭാരത് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
Read More: കാർഷിക നിയമങ്ങൾ ഒന്നോ രണ്ടോ വർഷത്തേക്ക് പരീക്ഷിച്ചു നോക്കിക്കൂടേയെന്ന് കർഷകരോട് രാജ്നാഥ് സിങ്
ജമ്മു കശ്മീരിൽ അടുത്തിടെ നടന്ന ജില്ലാ വികസന കൗൺസിൽ തിരഞ്ഞെടുപ്പിനെക്കുറിച്ചും മോദി പരാമർശിച്ചു. വോട്ടെടുപ്പിലെ ജനപങ്കാളിത്തം അഭിമാനകരമാണെന്നു പ്രധാനമന്ത്രി പറഞ്ഞു.
പ്രദേശത്തെ ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനായി ജമ്മു കശ്മീരിലെ ജനങ്ങൾ വോട്ട് ചെയ്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. “”എല്ലാ മേഖലകളിലുമുള്ള ആളുകൾ പുറത്തുവന്ന് ഡിഡിസി തിരഞ്ഞെടുപ്പിൽ വികസനത്തിനായി വോട്ട് ചെയ്തു. മഹാത്മാഗാന്ധിയുടെ ‘ഗ്രാമ സ്വരാജ്’ ദർശനം ജമ്മു കശ്മീർ നേടിയിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.
“ ഞങ്ങൾ ജമ്മു കശ്മീർ സർക്കാരിന്റെ ഭാഗമായിരുന്ന ഒരു കാലമുണ്ടായിരുന്നു, പക്ഷേ ഞങ്ങൾ സഖ്യത്തിൽ നിന്ന് പുറത്തുപോന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്നും ജനങ്ങൾക്ക് അവരുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനുള്ള അവകാശം നൽകണമെന്നും ആയിരുന്നു ഞങ്ങളുന്നയിച്ച പ്രശ്നം,” പ്രധാനമന്ത്രി പറഞ്ഞു.
Read More: ‘ലൗ ജിഹാദ്’ ആരോപണം: യുപിയില് ഇതുവരെ അറസ്റ്റിലായത് 35 പേര്
രാജ്യത്ത് പതിറ്റാണ്ടുകളായി അധികാരത്തിലിരുന്നവർ ചെയ്ത വലിയ തെറ്റ് അതിർത്തി പ്രദേശങ്ങളുടെ വികസനം അവഗണിച്ചതായിരുന്നെന്നും പ്രധാനമന്ത്രി മോദി കോൺഗ്രസിനെ ലക്ഷ്യം വച്ചു പറഞ്ഞു.”അതിർത്തിയിലെ ഷെല്ലിംഗ് എല്ലായ്പ്പോഴും ആശങ്കാജനകമാണ്. സാംബ, പൂഞ്ച്, കതുവ ഉൾപ്പെടെയുള്ള അതിർത്തി പ്രദേശങ്ങളിൽ ബങ്കറുകളുടെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗത്തിലാണ് നടക്കുന്നത്,” എന്നും പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രഭരണ പ്രദേശത്തിന്റെ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എന്നിവരും ചടങ്ങിൽ സംസാരിച്ചു.
പദ്ധതിയുടെ ആനുകൂല്യങ്ങൾ രാജ്യത്തുടനീളം പോർട്ടബിൾ ആയിരിക്കും. പിഎം-ജയ് സ്കീമിന് കീഴിൽ എംപാനൽ ചെയ്ത ആശുപത്രികളും ഈ സ്കീമിന് കീഴിൽ സേവനങ്ങൾ നൽകുമെന്ന് പിഎംഒ അറിയിച്ചു.