രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളില്‍ പുറമെ നിന്നുമുള്ള ഇടപെടലുകള്‍ക്കെതിരാണ് ഇന്ത്യയും റഷ്യയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദമിര്‍ പുടിനുമൊത്തുള്ള സംയുക്ത പത്രസമ്മേളനത്തിലായിരുന്നു മോദിയുടെ വാക്കുകള്‍. പാക്കിസ്ഥാനെ പേരെടുത്തു പറയാതെ വിമര്‍ശിക്കുകയായിരുന്നു മോദി.

”ഞങ്ങള്‍ രണ്ടും ഏതൊരു രാജ്യത്തിന്റേയും ആഭ്യന്തര വിഷയങ്ങളില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടാകുന്നതിന് എതിരാണ്” മോദി പറഞ്ഞു. കൂടിക്കാഴ്ചയില്‍ കണക്ടിവിറ്റിയിലെ സഹകരണം, ഓയില്‍, ഗ്യാസ്, ഡീപ്പ് സീ എക്‌സ്‌പ്ലോറേഷന്‍, സ്‌പെയ്‌സ്, എനര്‍ജി തുടങ്ങി നിരവധി മേഖലകളുമായി ബന്ധപ്പെട്ട കരാറിലും ഇരുവരും ഒപ്പു വച്ചു.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് പിന്നാലെ പാക്കിസ്ഥാന്‍ നടത്തിയ പ്രതികരണങ്ങളെയായിരുന്നു മോദി പരോക്ഷമായി വിമര്‍ശിച്ചത്. അതേസമയം, ചെന്നൈയും വ്‌ലാദിവോസ്‌റ്റോക്കും തമ്മില്‍ ബന്ധിപ്പിക്കുന്ന മറൈന്‍ പാതയുടെ പ്രൊപ്പോസലും മോദി അവതരിപ്പിച്ചു.


റഷ്യന്‍ പ്രസിഡന്റിനെ നല്ല സുഹൃത്തെന്ന് അഭിസംബോധന ചെയ്ത മോദി ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം രാജ്യങ്ങളുടെ തലസ്ഥാനങ്ങള്‍ തമ്മില്‍ മാത്രമുള്ളതല്ലെന്നും പറഞ്ഞു. രണ്ട് രാജ്യങ്ങള്‍ക്കുമിടിയിലെ സഹകരണത്തെ പുതിയ തലത്തിലേക്ക് എത്തിക്കുന്നതാകും തന്റെ സന്ദര്‍ശനമെന്നും മോദി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook