അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട കലാശക്കൊട്ടില്‍ സൂപ്പര്‍ സ്റ്റാര്‍ പരിവേഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗപ്രവേശനം ചെയ്തത് വാര്‍ത്തയായിരുന്നു. അഹമ്മദാബാദിലെ സബര്‍മതി നദിയില്‍ ജലവിമാനത്തില്‍ ഇറങ്ങിയാണ് മോദി എത്തിയത്. നഗരത്തോട് ചേര്‍ന്നൊഴുകുന്ന നന്ദിയില്‍ നിന്നും കയറി മെഹ്‌സാന ജില്ലയിലുള്ള ദാറോയ് ഡാം വരെ അതില്‍ യാത്ര ചെയ്തു. അവിടെ അംബോജിയില്‍ സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത ശേഷം അതില്‍ തന്നെ തിരികെ വരികയായിരുന്നു ചെയ്തത്. ഇന്ത്യയില്‍ ആദ്യമായി ജലവിമാനത്തില്‍ യാത്ര ചെയ്യുന്നയാളാണ് പ്രധാനമന്ത്രിയെന്നാണ് ഔദ്യോഗിക ബിജെപി ട്വിറ്റര്‍ അക്കൗണ്ടും ബിജെപി നേതാക്കളും അവകാശപ്പെട്ടത്.

ഇതിന് പിന്നാലെ ഇത് ഏറ്റെടുത്ത് ദേശീയമാധ്യമങ്ങള്‍ അടക്കം വാര്‍ത്തയാക്കുകയും ചെയ്തു. രാജ്യത്തെ ഗതാഗത മേഖലയ്ക്കും വിനോദസഞ്ചാര മേഖലയ്ക്കും പുത്തന്‍ ഉണര്‍വാകും ഈ നീക്കമെന്നാണ് ബിജെപിയുടെ വാദം. യഥാര്‍ത്ഥത്തില്‍ മോദിയാണോ ഇന്ത്യയില്‍ ആദ്യമായി സീപ്ലെയിനില്‍ ഇറങ്ങിയയാള്‍? അല്ലെന്നാണ് കണക്കുകള്‍ പറയുന്നത്.

2010 ഡിസംബറി ലാണ് ഇന്ത്യയില്‍ ആദ്യമായി ജലവിമാനം ഇറങ്ങിയത്. പവന്‍ ഹാന്‍സ് എന്ന ഹെലികോപ്ടര്‍ സര്‍വീസ് കമ്പനിയാണ് ജല്‍ ഹാന്‍സ് എന്ന പദ്ധതി വാണിജ്യാടിസ്ഥാനത്തില്‍ കൊണ്ടുവന്നത്. അന്നത്തെ വ്യോമയാന മന്ത്രിയായിരുന്ന പ്രഫുല്‍ പട്ടേല്‍ ഇത് സ്ഥിരീകരിച്ച് ട്വീറ്റും ചെയ്തിരുന്നു.

കേരളമാണ് ജലവിമാനം ഇറങ്ങിയ മറ്റൊരു ഇന്ത്യന്‍ സംസ്ഥാനം. കേരളത്തിലെ പ്രധാന കായലുകളെ ബന്ധിപ്പിച്ച് വനോദസഞ്ചാരം ശക്തിപ്പെടുത്താന്‍ 2013ലാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പദ്ധതി പ്രഖ്യാപിച്ച് ജലവിമാനം ഇറക്കിയത്. ജലവിമാനത്തെ കൊച്ചി വിമാനത്താവളത്തില്‍ വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് സംസ്ഥാനം സ്വീകരിച്ചത്. അന്നത്തെ ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍, സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എം. ചന്ദ്രശേഖര്‍, ടൂറിസം സെക്രട്ടറി സുമന്‍ ബില്ല എന്നിവരും ചടങ്ങിനെത്തിയിരുന്നു.

കൈരളി ഏവിയേഷന്‍സിന്റെ ഉടമസ്ഥതയിലുള്ള, അഞ്ചു മണിക്കൂര്‍ തുടര്‍ചയായി പറക്കാന്‍ കഴിയുന്ന, പൈലറ്റ് ഉള്‍പെടെ ആറു പേര്‍ക്കിരിക്കാവുന്ന സെസ്‌ന 206 ആംഫിബിയന്‍ എയര്‍ക്രാഫ്റ്റിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എയര്‍ക്രാഫ്റ്റ്‌സ് മെയിന്റനന്‍സ് റിപ്പയര്‍ ആന്‍ഡ് ഓവര്‍ഹോള്‍ (എം.ആര്‍.ഒ.) ഹാംഗറില്‍ സിയാലിന്റെ രണ്ട് ഫയര്‍ എന്‍ജിനുകള്‍ ചേര്‍ന്നാണ് അന്ന് വാട്ടര്‍ സല്യൂട്ട് നല്‍കിയത്. സിയാലിന്റെ പൈലറ്റ് ജീപ്പ് റണ്‍വേയില്‍ ജലവിമാനത്തിന് അകമ്പടി സേവിച്ചു. എന്നാല്‍ പിന്നീട് പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

ഈ വിവരങ്ങള്‍ തിരിച്ചറിഞ്ഞത് കൊണ്ട് തന്നെ ബിജെപി വെബ്സൈറ്റുകളിലും പ്രധാനമന്ത്രിയുടെ യാത്രയെ കുറിച്ചുളള തലക്കെട്ടുകളില്‍ തിരുത്തല്‍ വന്നിട്ടുണ്ട്.

ഒന്‍പത് മുതല്‍ 15 പേരെ വഹിക്കാന്‍ സാധിക്കുന്ന ചെറുവിമാനത്തിലാണ് മോദി യാത്ര നടത്തിയത്. ദാറോയ് ഡാമില്‍ ഇറങ്ങിയ ശേഷം ആംബാജിയിലെ തിരഞ്ഞെടുപ്പ് യോഗത്തിലും പങ്കെടുത്തശേഷമായിരിക്കും ഞാന്‍ മടങ്ങുക’ എന്ന് പ്രധാനമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

നേരത്തെ ഭീകരവാദ ഭീഷണിയെത്തുടര്‍ന്ന് പ്രധാനമന്ത്രിയുടെയും രാഹുല്‍ ഗാന്ധിയുടേയും റാലിയ്ക്ക് അഹമ്മദാബാദ് പോലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സീപ്ലെയിനില്‍ പ്രധാനമന്ത്രി എത്തിയതെന്നാണ് സൂചന.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ