മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി മൗനിബാബയാണെന്ന വിമർശനമവുമായി എൻഡിഎ സഖ്യ കക്ഷിയായ ശിവസേന. ആഭ്യന്തര വിഷയങ്ങളെ കുറിച്ച് വിദേശത്ത് മാത്രമാണ് അദ്ദേഹം സംസാരിക്കുന്നതെന്ന് ശിവസേന തങ്ങളുടെ മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി. മൻമോഹൻ മോദിയെന്ന് തലക്കെട്ടിൽ എഴുതിയ മുഖപ്രസംഗത്തിലാണ് മോദിക്കെതിരായി ശിവസേന രൂക്ഷ വിമർശനം ഉന്നയിക്കുന്നത്. ഇന്ത്യയുടെ തലസ്ഥാനം ലണ്ടൻ, ന്യൂയോർക്ക്, ടോക്കിയോ, പാരീസ് എന്നിങ്ങനെ എവിടെയെങ്കിലും മാറ്റണം. അല്ലെങ്കിൽ ന്യൂഡൽഹി വിദേശ നഗരം പോലെ തോന്നിക്കുന്ന തരത്തിൽ​ ഫിലിം സെറ്റ് ഇട്ട് മാറ്റണം എന്ന് മുഖപ്രസംഗം പരിഹസിക്കുന്നു.

മോദി സംസാരിക്കേണ്ടതുണ്ടെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ ഉപദേശം കൂടുതൽ ന്യായമായതാണെന്നും രാജ്യം ആ വികാരം പങ്കുവയ്ക്കുവെന്നുവെന്നും മുഖപ്രസംഗത്തിൽ പറയുന്നു. മൻമോഹൻ പറഞ്ഞത് അർധസത്യമാണ്, മോദി ഇന്ത്യയിലാകുമ്പോൾ മൗനി ബാബായാകുകയും വിദേശത്ത് സംസാരിക്കുകയും ചെയ്യുന്നു. മോദിക്ക് ഒരിക്കലും ഇന്ത്യയിൽ സംസാരിക്കണം എന്ന് തോന്നുന്നില്ല. ഇന്ത്യയിലെ സംഭവവികാസങ്ങൾ മോദിക്ക് ഓക്കാനമുളവാക്കുന്നതിനാലാകാം വിദേശത്ത് പോയി ഇന്ത്യയിലെ വിഷയങ്ങളെ കുറിച്ച് സംസാരിക്കുന്നതെന്നും മുഖപ്രസംഗം പറയുന്നു.

ഇന്ത്യയിലെ ബലാൽസംഗ കേസുകളെ കുറിച്ച് പ്രധാനമന്ത്രി ലണ്ടനിലാണ് സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ അസ്വസ്ഥമായ മനസാകാം ഇതിന് കാരണം. വികാരാധീനനായ അദ്ദേഹത്തിന്റെ മനസിൽ അനീതിക്കെതിരായി തീപ്പൊരിയുണ്ടാകാം എന്ന് എഡിറ്റോറിയൽ പറയന്നു. ജനങ്ങളോട് ബലാൽസംഗ കേസുകൾ രാഷ്ട്രീയവത്ക്കരിക്കരുതെന്ന് മോദി പറയുന്നു. എന്നാൽ നിർഭയ കേസിൽ മോദിയുടെ നിലപാട് വ്യത്യസ്തമായിരന്നുവെന്നും ശിവസേനയുടെ മുഖപ്രസംഗം പറയുന്നു.

വിദേശ രാജ്യത്ത് പോയി ബലാൽസംഗ കേസുകളെ കുറിച്ച് പറയുകയെന്നത് പ്രധാനമന്ത്രിയുടെ അവകാശമാണോ? ഇന്ത്യയിൽ വർധിക്കുന്ന അഴിമതിയും ബലാൽസംഗവുമടക്കമുളള​ കേസുകൾ രാജ്യം അരക്ഷിതമാണെന്ന ചിത്രം എന്തിനാണ് നൽകുന്നത്.? നേരത്തെ മോദി ജപ്പാനിൽ പോയപ്പോൾ സംസാരിച്ചത് കളളപ്പണത്തെ കുറിച്ചും അഴിമതിയെ കുറിച്ചുമായിരുന്നുവെന്നും ശിവസേന മുഖപത്രം എഴുതുന്നു.

ബാങ്കുകളെ കൊളളയടിച്ച് വജ്രവ്യാപാരിയായ നീരവ് മോദി രാജ്യം വിട്ടു, മല്യ ലണ്ടനിലാണ്. നമ്മുടെ പ്രധാനമന്ത്രി അവർക്ക് അഭയം നൽകിയ രാജ്യത്തേയ്ക്ക് പോകുന്നു. എന്നിട്ട് വെറും കൈയോടെ തിരികെ വരുന്നു. ഭക്തസംഘത്തിന് ഈ​ വിമർശനം ഇഷ്ടമാകില്ല. സാമ്പത്തിക സ്ഥിതി തകരുമ്പോൾ മോദി വിദേശത്ത് അദ്ദേഹത്തിന്റെ വികാരങ്ങൾ പ്രകടിപ്പിക്കുന്നു. ഇപ്പോൾ മൻമോഹൻ സിങ് സംസാരിച്ചു തുടങ്ങിയിരിക്കുന്നു, പക്ഷേ മോദി മൗനിയായിരിക്കുന്നു. ഇത് വിധി ബിജെപിക്കെതിരെ നടത്തുന്ന പ്രതികാരമായി പരിഗണിക്കാമെന്ന് മുഖപ്രസംഗം പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook