ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആക്രമണം കടുപ്പിച്ച് പ്രതിപക്ഷം. സൃഷ്ടാവായ ബ്രഹ്മാവാണ് നരേന്ദ്രമോദിയെന്ന് കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പരിഹസിച്ചു. അത്കൊണ്ട് തന്നെ എന്നാണ് സമ്മേളനം തുടങ്ങുക എന്നത് അദ്ദേഹത്തിന് മാത്രമെ അറിയുകയുളളൂവെന്നും ഖാര്‍ഗെ പറഞ്ഞു.

‘പാർലമെന്‍റിന്‍റെ തറയിൽ കാലുകുത്തുക എന്നത് മാത്രമായിരുന്നു മോദിയുടെ ആദ്യ ലക്ഷ്യം. ഇപ്പോള്‍ അതിനൊരു ബഹുമാനവും നല്‍കുന്നില്ല. ഗുജറാത്ത് തിരഞ്ഞെടുപ്പിന്‍റെ കാരണം പറഞ്ഞ് മോദി ഇന്ത്യൻ ജനാധിപത്യമെന്ന ക്ഷേത്രം തന്നെ തകർക്കുകയാണെന്നും ഖാർഗെ കുറ്റപ്പെടുത്തി.

അതേസമയം ‘ഇതാണ് ഗുജറാത്ത് മോഡലെന്ന്’ സിപിഎം നേതാവ് സീതാറം യെച്ചൂരി പറഞ്ഞു. ഇതേ മാതൃക തന്നൊണ് ഇപ്പോള്‍ ഡല്‍ഹിയിലും നടപ്പാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാർലമെന്‍റിനെ അഭിമുഖീകരിക്കാൻ മോദിക്ക് ഭയമാണെന്ന് ഇന്നലെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞിരുന്നു.
നവംബറിലാണ് പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം സാധാരണ നടക്കാറുള്ളത്. പക്ഷെ ചരിത്രത്തിൽ ആദ്യമായി ഈ വർഷം പാർലമെന്‍റ് സമ്മേളിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ഡിസംബര്‍ 9നും 14നും നടക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ തിരക്കിലാണ് മോദിയും മറ്റ് ബിജെപി മന്ത്രിമാരും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ