ഗാങ്ടോക്: സഞ്ചാരികൾക്ക് ഇനി സിക്കിമിലേക്ക് വിമാനത്തിൽ പറക്കാം. സംസ്ഥാനത്തെ ആദ്യ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഹിമാലയൻ നിരകളിൽനിന്നും 4500 അടി ഉയരത്തിൽ പാക്യോങ്ങിലാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ 100-ാമത്തെ വിമാനത്താവളമാണ് സിക്കിമിൽ തുറന്നത്. ഒക്ടോബർ നാലിനാണ് ഇവിടെനിന്നും വിമാന സർവ്വീസ് തുടങ്ങുക.

സിക്കിമിന്റെ സൗന്ദര്യത്തിനുളള അംഗീകാരം മാത്രമല്ല, മറിച്ച് എൻജിനീയറിങ് വിസ്മയം കൂടിയാണ് പാക്യോങ് വിമാനത്താവളമെന്ന് ഉദ്ഘാടനശേഷം മോദി പറഞ്ഞു. വിമാനത്താവളത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ടീമിനെയും അഭിനന്ദിക്കുന്നുവെന്നും മോദി പറഞ്ഞു.

രാജ്യത്തെ 100 വിമാനത്താവളങ്ങളിൽ 35 എണ്ണവും കഴിഞ്ഞ നാലു വർഷത്തിനുളളിൽ യാഥാർത്ഥ്യമായവയാണെന്ന് എൻഡിഎ സർക്കാരിനെ കളിയാക്കിക്കൊണ്ട് മോദി പറഞ്ഞു. ‘സബ്കാ സാത് സബ്കാ വികാസ്’ എന്ന ബിജെപി സർക്കാരിന്റെ മുദ്രാവാക്യത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. വൈദ്യുതി, വ്യോമ, റെയിൽ ഗതാഗതം ഉൾപ്പെടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഇത്രയധികം വികസനപ്രവർത്തനങ്ങൾ നടക്കുന്നത് ഇതാദ്യമാണെന്നും മോദി അഭിപ്രായപ്പെട്ടു.

2009 ലാണ് വിമാനത്താവളത്തിന് തറക്കല്ലിടുന്നത്. 605.59 കോടി രൂപയാണ് നിർമ്മാണ ചെലവ്. 201 ഏക്കറിലായിട്ടാണ് വിമാനത്താവളം പരന്നു കിടക്കുന്നത്. ഇന്ത്യൻ വ്യോമസേനയുടെ വിവിധ വിമാനങ്ങൾ ഇറങ്ങുന്നതിന് പ്രധാന റൺവേയ്ക്ക് സമീപത്തായി 75 മീറ്റർ നീളത്തിലുളള റൺവേയുടെ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതായി സിക്കിം ചീഫ് സെക്രട്ടറി എ.കെ.ശ്രീവാസ്തവ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ