ന്യൂഡൽഹി: ഡൽഹി-മീററ്റ് എക്‌സ്പ്രസ്‌വേ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ഉദ്ഘാടനത്തിനുശേഷം തുറന്ന കാറിൽ പ്രധാനമന്ത്രി കിഴക്കൻ അതിവേഗ പാതയിലൂടെ റോഡ് ഷോ നടത്തി. ഇന്ത്യയിലെ ആദ്യത്തെ 14 വരി അതിവേഗപാതയാണ് മീററ്റിലേത്. അതിനുശേഷം ഉത്തര്‍പ്രദേശിലെ ബാഗ്പത്തിലുള്ള ഈസ്റ്റേണ്‍ പെരിഫറല്‍ എക്സ്പ്രസ്‌വേയും മോദി രാജ്യത്തിന് സമര്‍പ്പിച്ചു. രാജ്യത്തെ ആദ്യത്തെ ഗ്രീന്‍ ഹൈവേ കൂടിയാണിത്.

യുപിഎ സർക്കാരിന്റെ കാലത്താണ് നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ ഡൽഹി-മീററ്റ് എക്‌സ്പ്രസ്‌വേ പദ്ധതി ആസൂത്രണം ചെയ്തത്. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന വഴിവിളക്കുകൾ, മഴവെളള സംഭരണികൾ, അണ്ടർ പ്ലാസകൾ എന്നിവയാണ് അതിവേഗ പാതയിലെ പ്രത്യേകത. രണ്ടര ലക്ഷത്തോളം വൃക്ഷത്തൈകളാണ് പാതയ്ക്ക് ഇരുവശവും നട്ടുപിടിപ്പിച്ചിട്ടുളളത്.

അതിവേഗ പാതയുടെ ഉദ്ഘാടനത്തോടെ ഡൽഹിയിൽനിന്നും മീററ്റിലേക്കുളള യാത്രാസമയം രണ്ടര മണിക്കൂറിൽനിന്നും 45 മിനിറ്റായി ചുരുങ്ങും. പദ്ധതിയുടെ മൊത്തം വ്യാപ്തി 82 കിലോമീറ്ററാണ്. ഇതിൽ 27.74 കിലോമീറ്ററാണ് 14 വരി പാതയിലുളളത്. ഇവയുടെ നിർമ്മാണമാണ് ഇപ്പോൾ പൂർത്തിയായത്. ബാക്കിയുളളവ ആറു വരി പാതയാണ്.

2015 ഡിസംബറിലാണ് നരേന്ദ്ര മോദി പദ്ധതിക്ക് തറക്കല്ലിട്ടത്. പദ്ധതിയുടെ നിർമ്മാണ ചെലവ് 7,566 കോടിയാണ്. നാലു ഘട്ടങ്ങളിലായാണ് പദ്ധതി പൂർത്തിയാക്കുക. 2019 മാർച്ചിൽ പദ്ധതി പൂർത്തിയാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook