ന്യൂഡല്‍ഹി : ബോട്ടാണിക്കല്‍ ഗാര്‍ഡനെ കല്‍കാജി മന്ദിരവുമായി ബന്ധിപ്പിക്കുന്ന ഡല്‍ഹി മെട്രോയുടെ മജന്ത ലൈന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. രാജ്യതാത്പര്യത്തിനെടുത്ത തീരുമാനമാണ് മെട്രോയുടെ ഈ ഘട്ടം എന്ന് പറഞ്ഞ പ്രധാനമന്ത്രി അതില്‍ രാഷ്ട്രീയതാൽപര്യമില്ല എന്നും പറഞ്ഞു.

മെട്രോ യാത്രയ്ക്ക് ശേഷം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ കൂടെ അമിറ്റി സര്‍വ്വകലാശാലയില്‍ നടന്ന പൊതുപരിപാടിയിലും അദ്ദേഹം പങ്കെടുത്തു. ‘എനിക്കെന്ത് കിട്ടി’ ‘എനിക്കെന്താ’ തുടങ്ങിയ അഭിപ്രായങ്ങള്‍ ഭരണത്തെ മുന്നോട്ട് കൊണ്ടുപോകില്ല’ എന്ന് പറഞ്ഞ പ്രധാനമന്ത്രി തങ്ങള്‍ ആ മനോനില മാറ്റിയെന്നും രാഷ്ട്രീയതാൽപര്യത്തെക്കാള്‍ ദേശീയ താൽപര്യത്തിനാണ് തങ്ങള്‍ പരിഗണന കൊടുക്കുന്നത് എന്നും പറഞ്ഞു.

മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രികളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ആദിത്യനാഥിന്‍റെ നിലപാടുകള്‍ എന്ന് പ്രശംസിച്ച നരേന്ദ്ര മോദി. വിശ്വാസം നല്ലതാണ് എങ്കിലും അന്ധവിശ്വാസം നല്ലതല്ല എന്നും പറഞ്ഞു. ” അദ്ദേഹത്തിന്‍റെ വേഷം കാരണം പലരും തെറ്റിദ്ധരിച്ചുവെക്കുന്നത് അദ്ദേഹത്തില്‍ വിശ്വാസമര്‍പ്പിക്കുന്നത് ഒട്ടും പരിഷ്കൃതമായ കാര്യമല്ല എന്നാണ്. പക്ഷെ യു പി യിലെ ഒരു മുഖ്യമന്ത്രിയും ചെയ്യാത്ത കാര്യങ്ങളാണ് യോഗി ചെയ്യുന്നത്. അദ്ദേഹം നോയിഡയിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോള്‍. വിശ്വാസം പ്രധാനമാണ്. പക്ഷെ അന്ധവിശ്വാസം അഭിലഷണീയമല്ല.” സാങ്കേതികതയുടെയും ഡിജിറ്റലൈസേഷന്‍റെയും കാലത്ത് അന്ധവിശ്വാസത്തിന് ഇടമില്ല എന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്‍റെ അസാന്നിദ്ധ്യം പരിപാടിയില്‍ ശ്രദ്ധേയമായി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പേര് പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ പലകുറി ആവര്‍ത്തിച്ചെങ്കിലും അരവിന്ദ് കെജരിവാളിന്‍റെ പേര് ഒരിക്കൽ പോലും പറഞ്ഞില്ല. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് പരിപാടിയില്‍ ക്ഷണമില്ല എന്ന് എഎപി നേരത്തേ തന്നെ ആരോപിച്ചിരുന്നു. മെട്രോയുടെ ഉദ്ഘാടനത്തില്‍ കെജരിവാളിനെ വിളിക്കാത്തത് കേന്ദ്രസര്‍ക്കാരിന് കെജരിവാളിനോടുള്ള വിദ്വേഷം കാരണമാണ്  എന്നാരോപിച്ച മുതിര്‍ന്ന എഎപി നേതാവ് സഞ്ജയ്‌ സിങ്, കെജരിവാളിനെ ഒഴിവാക്കിയത് ‘വിലകുറഞ്ഞ മാനസികാവസ്ഥയാണ്.’ എന്നും അഭിപ്രായപ്പെട്ടിരുന്നു.

ഡല്‍ഹി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനില്‍ തുല്ല്യ പങ്കാളികളാണ്. മെട്രോയുടെ ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിച്ചതിനെക്കുറിച്ച് ഇരുവരും തമ്മില്‍ നടന്ന പിടിവലിയുടെ വിവാദങ്ങള്‍ വിട്ടൊഴിയുന്നതിന് മുന്‍പാണ് പുതിയ വിവാദം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ