scorecardresearch

Latest News

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ- റോഡ് പാലം ബോഗിബീല്‍ ഉദ്ഘാടനം ചെയ്തു

തറക്കല്ലിട്ട് 21 വര്‍ഷത്തിന് ശേഷമാണ് പാലത്തിന്റെ ഉദ്ഘാടനം നടക്കുന്നത്

ഗുവാഹത്തി: രാജ്യത്തെ ഏറ്റവും നീളം കൂടിയ റെയില്‍-റോഡ്‌ പാലമായ ബോഗിബീല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗതാഗതത്തിനായി തുറന്നുനല്‍കി. തറക്കല്ലിട്ട് 21 വര്‍ഷത്തിന് ശേഷമാണ് പാലത്തിന്റെ ഉദ്ഘാടനം നടക്കുന്നത്. രണ്ടു തട്ടുകളായുള്ള പാലം നിര്‍മിച്ചത്‌ ഇന്ത്യന്‍ റെയില്‍വേയുടെ നേതൃത്വത്തിലാണ്‌. താഴത്തെ തട്ടില്‍ ഇരട്ട റെയില്‍പാതയും മുകളില്‍ മൂന്നു വരി റോഡുമാണുള്ളത്‌.

ബ്രഹ്‌മപുത്ര നദിക്കു കുറുകേ അസമിലെ ധേമാജി, ദിബ്രുഗഡ്‌ ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന്‌ 4.94 കിലോമീറ്റര്‍ നീളമുണ്ട്‌. പാലത്തിലൂടെ ഗതാഗതം ആരംഭിക്കുന്നതോടെ ധേമാജിയില്‍നിന്ന്‌ ദീബ്രുഗഡിലേക്കുള്ള ദൂരം 500 കിലോമീറ്ററില്‍നിന്ന്‌ 100 കിലോമീറ്ററായി കുറയും. ഇതുമാത്രമല്ല, അസമിലെ ടിന്‍സുക്യയില്‍നിന്ന്‌ അരുണാചൽ പ്രദേശിലെ നഹര്‍ലഗൂണിലേക്കുള്ള ട്രെയിന്‍ യാത്രാസമയം പത്തു മണിക്കൂറിലേറെ കുറയും.

യാത്രാസൗകര്യം മെച്ചപ്പെടുമെന്നതിനു പുറമേ വടക്കു-കിഴക്കന്‍ മേഖലയിലെ സൈനിക നീക്കത്തിനും പാലം സഹായകരമാകും. ഭാരം കൂടിയ സൈനിക ടാങ്കുകള്‍ക്ക്‌ ഉള്‍പ്പെടെ കടന്നുപോകാനുള്ള കരുത്ത്‌ പാലത്തിനുണ്ട്‌. 1997 ജനുവരി 22-ന്‌ അന്നത്തെ പ്രധാനമന്ത്രി എച്ച്‌.ഡി.ദേവഗൗഡയാണു ശിലാസ്‌ഥാപനം നടത്തിയതെങ്കിലും 2002 ഏപ്രില്‍ 21ന്‌ എ.ബി.വാജ്‌പേയി മന്ത്രിസഭയുടെ കാലത്താണ്‌ നിര്‍മാണം ആരംഭിച്ചത്‌.

പദ്ധതിയുടെ നിര്‍മാണം വൈകിയതുമൂലം പദ്ധതിച്ചെലവിലും വര്‍ധനയുണ്ടായി. 1997ല്‍ 1,767 കോടി രൂപയായിരുന്നു പദ്ധതിച്ചെലവ്‌. ഇടയ്‌ക്ക്‌ നിര്‍മാണം നിലച്ചെങ്കിലും 2007ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ ബോഗിബീല്‍ പാലം ദേശീയ പദ്ധതിയായി ഉയര്‍ത്തി. 2014 ആയപ്പോഴേക്കും നിര്‍മാണച്ചെലവ്‌ 3230 കോടിയായി പുനര്‍ നിശ്‌ചയിച്ചു. എന്നാല്‍ പാലം പണി പൂര്‍ത്തിയാക്കാന്‍ വീണ്ടും 2600 കോടി കൂടി വേണ്ടിവന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Pm modi inaugurates bogibeel bridge indias longest railroad link in dibrugarh