ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കളിയാക്കിയ കോൺഗ്രസ് നേതാക്കൾക്ക് ബിജെപിയുടെ മറുപടി. രാജ്യസഭയിൽ ചോദ്യോത്തരവേളയിൽ പങ്കെടുക്കാൻ നരേന്ദ്ര മോദി എത്തിയപ്പോഴാണ് കോൺഗ്രസ് അംഗങ്ങൾ പരിഹസിച്ചത്. നോക്കൂ നോക്കൂ ആരാ വരുന്നതെന്ന് നോക്കൂവെന്ന് പരിഹാസരൂപേണ കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ഇതുകേട്ട ബിജെപി അംഗങ്ങൾ ഇന്ത്യയുടെ സിംഹമാണ് വരുന്നതെന്ന് തിരിച്ചടിച്ചു.

15 മിനിറ്റാണ് നരേന്ദ്ര മോദി രാജ്യസഭയിൽ ചെലവഴിച്ചത്. ഉത്തർപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടിയശേഷം ആദ്യമായാണ് മോദി സഭയിലെത്തുന്നത്. പ്രാദേശിക പാർട്ടികളായ എസ്‌പിയുടെയും ബിഎസ്‌പിയുടെയും ആധിപത്യം തകർത്ത് 15 വർഷത്തിനുശേഷമാണു ബിജെപി ഉത്തർപ്രദേശിൽ അധികാരത്തിൽ എത്തിയത്. 2002 ൽ ഇപ്പോൾ കേന്ദ്ര ആഭ്യന്തരമന്ത്രിയായ രാജ്നാഥ് സിങ്ങായിരുന്നു യുപിയിലെ അവസാന ബിജെപി മുഖ്യമന്ത്രി.

1991 ൽ രാമജന്മഭൂമി വിവാദകാലത്താണു ബിജെപി ഇതിനു മുൻപ് യുപിയിൽ ഒറ്റയ്ക്കു ഭൂരിപക്ഷം നേടിയത്. ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഇത്തവണ ബിജെപി നേടിയത്. അതേസമയം, കോൺഗ്രസുമായി കൈകോർത്ത സമാജ്‌വാദി പാർട്ടി കനത്ത തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പിൽ നേരിട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ