ഗോരഖ്പൂർ: കർഷകർക്കായുളള പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിക്ക് തുടക്കമായി. ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 75,000 കോടി രൂപയുടെ പദ്ധതിക്ക് തുടക്കമിട്ടത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കൃഷി മന്ത്രി രാധ മോഹൻ സിങ്ങും പരിപാടിയിൽ പങ്കെടുത്തു. ഒരു കോടിയോളം വരുന്ന കർഷകർക്ക് ആദ്യ ഗഡുവായി 2,000 രൂപ വീതം ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്താണ് മോദി പദ്ധതിക്ക് തുടക്കമിട്ടത്.

രണ്ടു ഹെക്ടറിന് താഴെ ഭൂമിയുളള കർഷകർക്ക് പ്രതിവർഷം 6,000 രൂപ ധനസഹായം ലഭിക്കുന്ന പദ്ധതിയാണ് പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി. മോദി സർക്കാരിന്റെ അവസാന ബജറ്റിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. രാജ്യത്തെ 12 കോടി കർഷകർക്ക് പദ്ധതി ഗുണകരമാകും.

”ഒരു കോടിയോളം കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ ആദ്യ ഗഡു ട്രാൻസ്ഫർ ചെയ്യാൻ അവസരമുണ്ടായി. ഇതൊരു തുടക്കം മാത്രമാണ്. ആദ്യ ഗഡു ഇപ്പോൾ കിട്ടാത്ത കർഷകർക്ക് അടുത്ത ഏതാനും ആഴ്ചകൾക്കുളളിൽ ലഭിക്കും. 21 സംസ്ഥാനങ്ങളിൽനിന്നുളള കർഷകർക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. അർഹരായ കർഷകരുടെ പട്ടിക കേന്ദ്രസർക്കാരിന് നൽകുക മാത്രമാണ് സംസ്ഥാന സർക്കാരുകൾ ചെയ്യേണ്ടത്,” മോദി പറഞ്ഞു.

”ചില സംസ്ഥാനങ്ങൾ പദ്ധതിയെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുന്നുണ്ട്. അവർ ഇതുവരെ ഞങ്ങൾക്ക് പട്ടിക അയച്ചിട്ടില്ല. പട്ടിക കേന്ദ്രത്തിന് അയയ്ക്കാതെ രാഷ്ട്രീയം കളിച്ചാൽ കർഷകർ അത് തകർക്കും. നിങ്ങൾ പ്രതിപക്ഷത്താവാം, പക്ഷേ കർഷകർ ഈ രാജ്യത്തെ ജനങ്ങളാണ്.”

”ഉത്തർപ്രദേശിൽ പദ്ധതി ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. മുൻ സർക്കാരുകൾ കർഷകരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഒരുപാട് സംസാരിച്ചിരുന്നു. പക്ഷേ അവർ അതിന് മുൻകൈ എടുത്തില്ല. അതിനാലാണ് 2014 ൽ ഞങ്ങളെ അവർ തിരഞ്ഞെടുത്തത്. ഞങ്ങൾ കർഷകരുടെ ചെറിയ പ്രശ്നങ്ങളെ മാത്രമല്ല അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും നടപടികൾ സ്വീകരിച്ചു. 2022 ൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കും.”

”കർഷകർ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമുളളവരാണെന്നാണ് കോൺഗ്രസ് കരുതുന്നത്. 10 വർഷത്തിനുളളിൽ 7.5 ലക്ഷം കോടി വിതരണം ചെയ്യുമെന്ന് പറഞ്ഞു. കോൺഗ്രസ് സർക്കാർ വെറുതെ പറയുക മാത്രമാണ് ചെയ്തത്, ഒന്നും പ്രാവർത്തികമാക്കിയില്ല. കാർഷിക കടം എഴുതി തളളുമെന്ന് ഞങ്ങൾക്കും പ്രഖ്യാപനം നടത്താം. അതൊരു എളുപ്പ പരിഹാര മാർഗമാണ്. അതിന്റെ പ്രയോജനം കുറച്ച് പേർക്ക് മാത്രമേ ഉണ്ടാവൂ, എല്ലാവർക്കുമല്ല. കർഷകരുടെ പ്രശ്നങ്ങൾക്കുളള പരിഹാരമാണ് ഞങ്ങൾ ശ്രമിക്കുന്നത്. അസാധ്യമായത് സാധ്യമാക്കാനാണ് എൻഡിഎ സർക്കാരിന്റെ ശ്രമം. ഈ പദ്ധതി വഴി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണമെത്തും. ഇതൊരു പുതിയ ആശയമാണ്,” മോദി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook