ന്യൂഡല്‍ഹി: കുട്ടികള്‍ക്ക് അന്നം വിളമ്പുന്ന അക്ഷയ പാത്ര പദ്ധതിയില്‍ പങ്കെടുക്കാന്‍ വൃന്ദാവനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തി. ബെംഗളൂരു കേന്ദ്രമായി ഇസ്‌കോണ്‍ തുടക്കമിട്ട അക്ഷയപാത്ര പദ്ധതിയില്‍ മൂന്നു കോടി കുട്ടികള്‍ക്ക് ഉച്ചഭക്ഷണം വിളമ്പിയതു പ്രമാണിച്ചുള്ള ചടങ്ങില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി മോദി ഉത്തര്‍പ്രദേശിലെ വൃന്ദാവനില്‍ എത്തിയത്.

മോദി കുട്ടികള്‍ക്ക് ഭക്ഷണം വിളമ്പുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറി. എന്നാല്‍ പരിപാടിയില്‍ മോദി വൈകിയായിരുന്നു എത്തിയത്. തുടര്‍ന്ന് അദ്ദേഹം വേഗത്തില്‍ പ്രസംഗം അവസാനിപ്പിച്ചു. ഈ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം ഇന്നു ഞാന്‍ തന്നെ വിളമ്പിക്കൊടുക്കും എന്നു പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

ഭക്ഷണം വച്ചിരിക്കുന്ന സ്ഥലത്തേക്ക് നീങ്ങിയ മോദി തന്റെ കൈ കൊണ്ട് കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കി. ചിലരോടു കാര്യങ്ങള്‍ അന്വേഷിച്ചു. പിന്നീട് കുട്ടികള്‍ക്കടുത്തു ചെന്ന് ഓരോരുത്തരോടും സംസാരിച്ചു. കൂടുതല്‍ എന്തെങ്കിലും വേണോ എന്ന് ആരാഞ്ഞു.

ഭക്ഷണം കഴിക്കാനിരുന്ന ഒരു കുട്ടിയോട് താന്‍ വൈകിയതിന് മോദി ക്ഷമാപണം നടത്തുകയും ചെയ്തു. ഇതിന്റെ വീഡിയോ അദ്ദേഹം തന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടി പ്രധാനമന്ത്രിക്ക് മറുപടി നല്‍കുകയും ചെയ്തു. ‘സമയം 1.30 ആയി, 12 മണിക്ക് തന്നെ ഭക്ഷണം നല്‍കണമായിരുന്നു. പ്രധാനമന്ത്രി വൈകിയത് കൊണ്ട് നിങ്ങളുടെ ഭക്ഷണവും വൈകിപ്പോയി, ശരിയല്ലെ?,’ മോദി ചോദിച്ചു.

എന്നാല്‍ മോദി വൈകിയത് കൊണ്ടാണെങ്കിലും സാരമില്ലെന്ന മട്ടിലാണ് കുട്ടികള്‍ പ്രതികരിച്ചത്. കൂട്ടത്തില്‍ ഒരു പെണ്‍കുട്ടി മറുപടി പറഞ്ഞു. ‘ഞങ്ങള്‍ രാവിലെ ഭക്ഷണം കഴിച്ചിട്ടാണ് വന്നത്,’ എന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി. പരിപാടിയിലെ മറ്റ് വീഡിയോകളും പ്രധാനമന്ത്രി ഷെയര്‍ ചെയ്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook