ബിജെപിയുടെ മുതിര്‍ന്ന നേതാവും തന്റെ രാഷ്ട്രീയ ഗുരുവുമായ എല്‍കെ അധ്വാനിയെ പൊതുവേദിയില്‍ അവഗണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രിപുര മുഖ്യമന്ത്രിയായി ചുമതലയേറ്റ ബിപ്ലവ് ദേബിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് മോദി അദ്വാനിയെ അപമാനിച്ചത്. എല്‍കെ അദ്വാനി അടക്കം നിരവധി പ്രമുഖരാണ് വേദിയില്‍ ഉണ്ടായിരുന്നത്.

മുരളി മനോഹര്‍ ജോഷി, ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ, ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ എന്നിവരും വേദിയില്‍ ഉണ്ടായിരുന്നു. പ്രധാനമന്ത്രി എത്തിയതോടെ വേദിയിലുണ്ടായിരുന്നവര്‍ എഴുന്നേറ്റ് അദ്ദേഹത്തെ സ്വാഗതം ചെയ്തു. എല്ലാവരോടും കൈക്കൂപ്പി അഭിവാദ്യം ചെയ്ത മോദി മണിക് സര്‍ക്കാരിനോട് സംസാരിക്കാന്‍ സമയം ചെലവഴിക്കുകയും ചെയ്തു.

എന്നാല്‍ അഭിവാദ്യം ചെയ്ത അദ്വാനിയെ മോദി അവഗണിച്ചാണ് മണിക് സര്‍ക്കാരിന്റെ അടുത്തെത്തിയത്. സര്‍ക്കാരിന്റെ അടുത്തായി നിന്നിരുന്ന അദ്വാനിയെ നോക്കുക പോലും ചെയ്യാതെയാണ് മോദി കടന്നുപോയത്. വീഡിയോ പുറത്തുവന്നതോടെ സോഷ്യല്‍മീഡിയയില്‍ മോദിയെ വിമര്‍ശിച്ച് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. അദ്വാനി കൈക്കൂപ്പി നിന്നിട്ടും നോക്കുക പോലും ചെയ്യാതെ പോയ മോദിയുടേത് അഹങ്കാരമാണെന്ന് വിമര്‍ശനം ഉയര്‍ന്നു.

ദേശീയ രാഷ്ട്രീയത്തില്‍ എല്‍കെ അദ്വാനി എന്ന ബിജെപിയുടെ ഏറ്റവും തലമുതിര്‍ന്ന നേതാവ് കത്തിനില്‍ക്കുന്ന നരേന്ദ്ര മോദി അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു. രാഷ്ട്രീയത്തില്‍ അടവും തന്ത്രങ്ങളും മോദിക്ക് പകര്‍ന്ന് നല്‍കിയ അദ്വാനി, ശിഷ്യനെ കൈപിടിച്ച് കയറ്റിയത് സ്വന്തം തലയ്ക്കു മുകളിലേക്കായിരുന്നു. ഇന്ന് ഇന്ത്യന്‍‌ രാഷ്ട്രീയത്തില്‍ പടര്‍ന്ന് പന്തലിച്ചുനില്‍ക്കുന്ന മോദി, തന്റെ രാഷ്ട്രീയ ഗുരുവിനെ പൊതുഇടങ്ങളില്‍ പോലും അവഗണിക്കുകയാണോയെന്ന് ചോദിക്കുകയാണ് സോഷ്യല്‍മീഡിയ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ