ന്യൂയോർക്ക്: ആഗോളഭീകരതയെ ചെറുത്ത് തോൽപ്പിക്കാൻ ഇന്ത്യയും അമേരിക്കയും സഹകരിച്ച് പ്രവർത്തിക്കും. പ്രധാനമന്ത്രി നേരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ട്രംപും മോദിയും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ചർച്ചയുടെ വിവരങ്ങൾ വ്യക്തമാക്കിയത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വിവിധ മേഖലകളിലേക്ക് വ്യാപിച്ചിട്ടുണ്ട്. അത് ഭാവിയിൽ തുടരുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കും. അമേരിക്കൻ ഉത്പന്നങ്ങളും മറ്റും ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നതിനുള്ള തടസങ്ങൾ നീക്കണമെന്നും വ്യാപാരക്കമ്മി കുറക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങൾ‌ പരിഗണിക്കുമെന്നും മോദി പറഞ്ഞു.

സാങ്കേതിക മേഖലയുടെ വളർച്ച, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ തുടങ്ങിയ കാര്യങ്ങളിൽ ഇരു രാജ്യങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. സമുദ്രവ്യാപാര മേഖലയിലെ സഹകരണം മെച്ചപ്പെടുത്താനുള്ള എല്ലാ നടപടികൾക്കും ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്നും മോദി അറിയിച്ചു. അഫ്ഗാനിലെ സുരക്ഷ സംബന്ധിച്ച അമേരിക്കൻ നിലപാടുകൾക്ക് പിന്തുണ നൽകുമെന്നും മോദി കൂട്ടിച്ചേർത്തു.

മോദിയുടെ സാമ്പത്തിക പരിഷ്കാരങ്ങൾ പ്രശംസനീയമാണെന്ന് എന്ന് പറഞ്ഞ് കൊണ്ടാണ് ഡോണാൾഡ് ട്രംപ് തന്റെ പ്രസംഗം ആരംഭിച്ചത്. അതിവേഗം വളരുന്ന സാമ്പത്തിക മേഖലയാണ് ഇന്ത്യയുടേതെന്നു പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു.ട്രംപ്- മോദി കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഇരുവരും സംബന്ധിച്ച പ്രതിനിധിതല ചർച്ചകളും നടന്നു. ഡോണാൾഡ് ട്രംപിനെ ഇന്ത്യ സന്ദർശിക്കാനായി നരേന്ദ്ര മോദി ക്ഷണിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook