ബെംഗളൂരു: കർണാടക തിരഞ്ഞെടുപ്പിൽ ബിജെപിയെ വിജയത്തിലെത്തിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തോറ്റുവെന്ന് കോൺഗ്രസ്. കർണാടകയിൽ തിരഞ്ഞെടുപ്പ് ഫലം വ്യക്തമായതോടെ കോൺഗ്രസ് ജയിച്ചെന്നും പ്രധാനമന്ത്രി തോറ്റെന്നും ഉറപ്പായിരിക്കുകയാണ്. കർണാടകയിൽ ബിജെപി അവരുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രിയെ മുന്നിൽ നിർത്തി. പക്ഷേ, ജനങ്ങൾ ബിജെപിയെ നിരസിച്ചുവെന്ന് കോൺഗ്രസ് മുതിർന്ന നേതാവ് ജയറാം രമേശ് ട്വീറ്റ് ചെയ്തു.
അതേസമയം, പ്രധാനമന്ത്രിയും കേഡറുകളും എത്ര ശ്രമിച്ചിട്ടും തങ്ങൾക്ക് വിജയിക്കാൻ കഴിഞ്ഞില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സമ്മതിച്ചു. ഈ ഫലങ്ങൾ മുന്നിൽ കണ്ട് അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ പുനഃസംഘടിപ്പിക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് കനത്ത തിരിച്ചടിയാണ് കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്നത്. കോൺഗ്രസിന് അനുകൂലമായാണ് ജനങ്ങൾ വിധിയെഴുതിയത്. കോൺഗ്രസ് കേവല ഭൂരിപക്ഷമായ 113 സീറ്റുകൾ കടന്ന് മുന്നേറ്റം തുടരുകയാണ്. ബിജെപി 67 സീറ്റുകളിലാണ് മുന്നിട്ടുനിൽക്കുന്നത്.
കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബിജെപി മുന്നിൽ നിർത്തിയെങ്കിലും ഫലം കണ്ടില്ല. നിരവധി പൊതുയോഗങ്ങളിലും രണ്ട് വമ്പൻ റോഡ് ഷോകളിലും മോദി പങ്കെടുത്തിട്ടും തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് മികച്ച വിജയം നേടാനായി.
മൈസൂരു, ഹൈദരാബാദ് കര്‍ണാടക മേഖലകളിലാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം. മധ്യ കര്‍ണാടകയിലും തീരദേശ മേഖലയിലുമാണ് ബിജെപിയാണ് മുന്നേറുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ മിക്കതും തൂക്കുസഭയ്ക്കുള്ള സാധ്യത പ്രവചിച്ചതോടെ കർണാടകയിൽ കിങ് മേക്കറാകുമെന്ന് കരുതിയ എച്ച്.ഡി.കുമാരസ്വാമിയുടെ ജനതാദള്‍ സെക്കുലര്‍ (ജെഡിഎസ്) പലയിടത്തും തിരിച്ചടി നേരിടുകയാണ്.