ജറുസലേം: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇസ്രായേല്‍ സന്ദർശനം കേരളത്തിനും അഭിമാനിക്കാൻ വക നൽകുന്നുണ്ട്. ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന് പ്രധാനമന്ത്രി കേരളത്തില്‍നിന്നുള്ള ചരിത്ര ശേഷിപ്പുകള്‍ ആണ് ഉപഹാരമായി നല്‍കിയത്. ഇന്ത്യയിലെ ജൂത പാരമ്പര്യത്തിന്റെ സ്മാരകമായാണ് കേരളത്തിലെ ജൂത പാരമ്പര്യം വെളിവാക്കുന്ന സുപ്രധാന ചരിത്ര രേഖകളുടെ പകര്‍പ്പുകള്‍ കൈമാറിയത്.

9-10 നൂറ്റാണ്ടുകളില്‍ എഴുതപ്പെട്ട രണ്ട് ചെമ്പു തകിടുകളുടെ പകര്‍പ്പുകളും ഉപഹാരമായി നല്‍കിയവയില്‍ ഉള്‍പ്പെടുന്നതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കേരളത്തിലെ ജൂതന്‍മാരില്‍ പ്രമുഖനായിരുന്ന ജോസഫ് റബ്ബാന് രാജാവായിരുന്ന ചേരമാന്‍ പെരുമാള്‍ നല്‍കിയ വിശേഷാധികാരങ്ങളും അവകാശങ്ങളും സംബന്ധിച്ച ശാസനമാണ് ഈ ലിഖിതങ്ങളില്‍ ഒന്ന്. ജൂതശാസനം എന്നറിയപ്പെടുന്ന ഇവ കൊച്ചിയിലെ ജൂത പാരമ്പര്യത്തിന്റെ അമൂല്യ സ്മാരകങ്ങളും ചരിത്ര രേഖകളുമാണ്. മട്ടാഞ്ചേരി ജൂതപ്പള്ളിയിലാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്.

ചെമ്പു തകിടുകള്‍ കൂടാതെ, കൊച്ചിയിലെ ജൂത സമൂഹം നല്‍കിയ ജൂതരുടെ വിശുദ്ധ ഗ്രന്ഥമായ തോറയും പുരാതനമായ ഒരു സ്വര്‍ണ കിരീടവും പ്രധാനമന്ത്രി നെതന്യാഹുവിന് കൈമാറി.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇ​സ്ര​യേ​ലി​ലെ​ത്തിയ പ്രധാനമന്ത്രി ന​രേ​ന്ദ്ര​ മോഡി​യെ സ്വീ​ക​രി​ക്കാ​ൻ പ്രോ​ട്ടോ​ക്കോ​ൾ മ​റി​ക​ട​ന്ന് ഇ​സ്ര​യേ​ല്‍ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു വി​മാ​ന​ത്താ​വ​ള​ത്തി​ൽ നേ​രി​ട്ട് എ​ത്തി. നെ​ത​ന്യാ​ഹു​വും മന്ത്രിമാരും ചേർന്ന് വലിയ സ്വീകരണമാണ് മോഡിക്ക് നൽകിയത്.

മ​ഹാ​നാ​യ നേ​താ​വാ​ണ് മോഡി​യെ​ന്ന് നെ​ത​ന്യാ​ഹു തന്റെ പ്രസംഗത്തിൽ പ​റ​ഞ്ഞു. ഇ​ന്ത്യ​ക്കും ഇ​സ്ര​യേ​ലി​നും ഇ​ട​യി​ലു​ള്ള സൗ​ഹൃ​ത്തി​ന്‍റെ അ​തി​ര് ആ​കാ​ശ​മാ​ണെ​ന്നും നെ​ത​ന്യാ​ഹു ചൂ​ണ്ടി​ക്കാ​ട്ടി. ഭീ​ക​ര​വാ​ദം ചെ​റു​ക്കു​ന്ന​തി​ൽ ഇ​ന്ത്യ​ക്കും ഇ​സ്ര​യേ​ലി​നും ഒ​രേ​നി​ല​പാ​ടാ​ണു​ള്ള​തെ​ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ഇസ്രേയൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് എന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഘോഷമാണ് തന്റെ സന്ദർശനം എന്നും മോദി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ