നാഗ്പൂർ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചോദ്യങ്ങൾ ചോദിക്കുന്നത് ഇഷ്ടമല്ലെന്ന് ബിജെപി എംപി നാന പാറ്റോൾ. ബിജെപി യോഗത്തിൽ കർഷക ആത്മഹത്യകളെ കുറിച്ചും ഒബിസി വിഭാഗത്തിൽ നിന്നുള്ള മന്ത്രിമാരെ കുറിച്ചും ചോദിച്ചപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി തന്നോട് ദേഷ്യപ്പെട്ടെന്ന് പാർലമെന്റംഗം കുറ്റപ്പെടുത്തി.
“മോദിക്ക് ചോദ്യങ്ങൾ ചോദിക്കുന്നത് ഇഷ്ടമല്ല. ഞാൻ അദ്ദേഹത്തോട് കർഷകരുടെ പ്രയാസങ്ങളെ കുറിച്ചും മന്ത്രിസഭയിലെ ഒബിസി പങ്കാളിത്തത്തെയും കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം എന്നോട് ദേഷ്യപ്പെട്ടു. എന്ത് ചോദ്യം ചോദിച്ചാലും പാർട്ടിയുടെ നയപരിപാടികൾ വായിച്ചിട്ടുണ്ടോയെന്നും സർക്കാർ പദ്ധതികളെ കുറിച്ച് അറിയാമോ എന്നുമാണ് മോദി തിരിച്ച് ചോദിക്കുക”, നാന പാറ്റോൾ നാഗ്പൂരിലെ ഒരു കർഷക പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
“ആ യോഗത്തിൽ മോദി എന്നോട് ദേഷ്യപ്പെട്ടെന്ന് വാർത്തകൾ വന്നിരുന്നു. ഗ്രീൻ ടാക്സ് നടപ്പിലാക്കാനും, കാർഷിക പദ്ധതികൾക്ക് കൂടുതൽ നിക്ഷേപം നൽകാനും മന്ത്രിസഭയിൽ ഒബിസി അംഗങ്ങൾക്ക് പ്രാതിനിധ്യം വേണമെന്നുമാണ് താൻ ആവശ്യപ്പെട്ടത്. എന്നാൽ മോദി എന്നോട് മിണ്ടാതിരിക്കാൻ പറഞ്ഞു. ഇടയ്ക്കിടയ്ക്ക് മോദി പാർലമെന്റ് അംഗങ്ങളെ കാണാറുണ്ട്. എന്നാൽ ആരും ചോദ്യങ്ങൾ ചോദിക്കാറില്ല”, അദ്ദേഹം പറഞ്ഞു.