ഹൈദരാബാദ്: തെലുഗുദേശം പാര്‍ട്ടിയുടെ രണ്ട് മന്ത്രിമാര്‍ കേന്ദ്ര മന്ത്രിസഭയില്‍ നിന്നും രാജിവെച്ചു. ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. മന്ത്രിമാര്‍ പ്രധാനമന്ത്രിക്ക് രാജിക്കത്ത് കൈമാറി. ഗജപതി രാജു, വൈഎസ് ഛൗദരി എന്നിവരാണ് രാജി വെച്ചത്. തങ്ങളുടെ തീരുമാനം ശരിയാണെന്നും എന്നാല്‍ എന്‍ഡിഎയില്‍ തുടരുമെന്നും മന്ത്രിമാര്‍ വ്യക്തമാക്കി.

ഇരുവരും രാജി വെക്കുമെന്ന് അറിഞ്ഞതോടെ ചന്ദ്രബാബു നായിഡുവിന്റെ മന്ത്രിസഭയിൽനിന്ന് രണ്ടു ബിജെപി മന്ത്രിമാർ നേരത്തേ രാജിവച്ചിരുന്നു. കാമിനേനി ശ്രീനിവാസും പി.മാണിക്യല റാവുവുമാണ് മന്ത്രിസ്ഥാനം രാജിവച്ചത്.

ഇതോടെ ആന്ധ്രപ്രദേശിൽ ടിഡിപി-ബിജെപി ഭിന്നത രൂക്ഷമായി. അശോക് ഗജപതി രാജു, വൈ.എസ്. ചൗധരി എന്നിവരോട് പാര്‍ട്ടി രാജി വെക്കാന്‍ നിര്‍ദേശിച്ചിരുന്നു.

ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി നൽകാൻ കഴിയില്ലെന്നും എന്നാൽ ധനസഹായം നൽകാമെന്നും കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രമന്ത്രിസഭയിൽനിന്നും മന്ത്രിമാരെ പിൻവലിക്കാൻ ടിഡിപി തീരുമാനിച്ചത്. അതേസമയം, ടിഡിപിയുടെ തീരുമാനത്തെ കോൺഗ്രസും ഇടതുപാർട്ടികളും സ്വാഗതം ചെയ്തു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ആന്ധ്രയ്ക്ക് പ്രത്യേക പദവി നൽകാമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, മുന്നണി വിടാനുളള ടിഡിപിയുടെ നീക്കം ബിജെപിക്ക് വൻ തിരിച്ചടിയാക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം ബാക്കി നിൽക്കെയാണ് ശിവസേനയ്ക്കു പിന്നാലെ ടിഡിപിയും മുന്നണി വിടാനൊരുങ്ങുന്നത്. ദക്ഷിണേന്ത്യയിൽ സ്വാധീനം വർധിക്കാൻ തയ്യാറെടുക്കുന്ന ബിജെപിക്ക് ഇത് വലിയ ക്ഷീണമുണ്ടാക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ