ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പൂർണ പിന്തുണയുമായി ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തി. കശ്മീരിലെ ജനങ്ങൾ ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നരേന്ദ്ര മോദിക്ക് മാത്രമേ കഴിയൂവെന്ന് മെഹബൂബ പറഞ്ഞു. ”ഈ മോശം അവസ്ഥയിൽനിന്നും ഞങ്ങളെ രക്ഷിക്കാൻ ആർക്കെങ്കിലും കഴിയുമെങ്കിൽ അത് പ്രധാനമന്ത്രി മോദിക്ക് മാത്രമാണ്. അദ്ദേഹം എന്ത് തീരുമാനിച്ചാലും രാജ്യം അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നും” മെഹബൂബ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം നിലനിൽക്കുമ്പോഴും പാക്കിസ്ഥാൻ സന്ദർശിക്കാൻ മോദി കാണിച്ച ധൈര്യത്തെയും മെഹബൂബ പുകഴ്ത്തി. ”മുൻ പ്രധാനമന്ത്രിമാർക്ക് പാക്കിസ്ഥാൻ സന്ദർശിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അതിനുളള ധൈര്യം അവർക്കുണ്ടായിരുന്നില്ല. പ്രധാനമന്ത്രി മോദി ലാഹോർ സന്ദർശിച്ചത് അദ്ദേഹത്തിന്റെ കരുത്തിന്റെ അടയാളമാണെന്നും” മെഹബൂബ പറഞ്ഞതായി എഎൻഐ റിപ്പോർട്ടുണ്ട്.

ജമ്മുവിൽ തുടരെത്തുടരെയുളള ഭീകരാക്രമണങ്ങളും ജനങ്ങളും സുരക്ഷാസേനയും തമ്മിലുളള ഏറ്റുമുട്ടലുകളും തുടരുന്ന സാഹചര്യത്തിലാണ് മെഹബൂബയുടെ ഈ വാക്കുകൾ. കഴിഞ്ഞ ദിവസം ഷോപ്പിയാൻ ജില്ലയിൽ സേന വിപുലമായ തിരച്ചിൽ നടത്തിയിരുന്നു. കഴിഞ്ഞ 15 വർഷത്തിനിടയിൽ ആദ്യമായാണ് ഇത്രയും വലിയ തിരച്ചിൽ നടത്തിയത്. പ്രദേശവാസികളുടെ സഹായത്തോടെ ഭീകരരർ ഒളിച്ചിരുപ്പുണ്ടെങ്കിൽ അവരെ പിടികൂടുകയായിരുന്നു ഇതിന്റെ പ്രധാന ഉദ്ദേശ്യം. തിരച്ചിലിനിടയിൽ ഭീകരാക്രമണം ഉണ്ടായി. ഇതിൽ ഒരു പ്രദേശവാസി കൊല്ലപ്പെടുകയും മൂന്നു സൈനികർക്ക് പരുക്കേൽക്കുകയും ചെയ്തു.

കഴിഞ്ഞ മാസം മെഹബൂബ ന്യൂഡൽഹിയിലെ പ്രധാനമന്ത്രി മോദിയുടെ വസതിയിലെത്തി സംസ്ഥാനത്തെ സ്ഥിഗതികളെക്കുറിച്ച് വിവരിച്ചിരുന്നു. മുൻപ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് തുടങ്ങിവച്ച ചർച്ചകൾ പുനരാരംംഭിക്കണമെന്ന് ഇതിനുശേഷം അവർ മാധ്യമപ്രവർത്തകരോട് പറയുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ