തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ നടത്തിയ കൂട്ട പരിശോധനയിൽ പരിശോധിച്ചത് മൂന്ന് ലക്ഷത്തിലധികം സാമ്പിളുകൾ. വെള്ളി, ശനി ദിവസങ്ങളിലായി 2.5 ലക്ഷം സാമ്പിളുകൾ പരിശോധിക്കാൻ ലക്ഷ്യമിട്ടാണ് കോവിഡ് കൂട്ടപ്പരിശോധന ആരോഗ്യ വകുപ്പ് പ്രഖ്യപിച്ചത്. എന്നാൽ 3,00,971 സാമ്പിളുകൾ വെള്ളി ശനി ദിവസങ്ങളിലായി പരിശോധനയ്ക്ക് വിധേയമാക്കാൻ സാധിച്ചു.

1,54,775 ആര്‍ടിപിസിആര്‍ പരിശോധനകളും, 144397 ആന്റിജൻ പരിശോധനകളുമാണ് നടത്തിയത്. കോഴിക്കോട്ട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പരിശോധന നടത്തിയത്. 39,565 സാമ്പിളുകൾ ജില്ലയിൽ പരിശോധിച്ചു. തിരുവനന്തപുരം (29,008) എറണാകുളം (36,671) ജില്ലകളാണ് പരിശോധനകളുടെ എണ്ണത്തിൽ തൊട്ടു പിറകിൽ.
തൃശൂരിൽ അഞ്ചിടത്ത് നിരോധനാജ്ഞ
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി തൃശൂർ ജില്ലയിൽ അഞ്ചിടത്ത് 144ാം വകുപ്പ് പ്രകാരമുള്ള നിയന്ത്രണങ്ങൾ ജില്ലാ കലക്ടർ പ്രഖ്യാപിച്ചു. തൃശൂർ കോർപ്പറേഷനിലെ 47ാം ഡിവിഷനിലും, ഒരുമനയൂർ, വെങ്കിടങ്ങ്, കൂഴൂർ, കടപ്പുറം ഗ്രാമ പഞ്ചായത്ത് പരിധികളിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഈ പ്രദേശങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിന് മുകളിലാണ് രേഖപ്പെടുത്തിയത്.
വിവാഹവും ഗൃഹപ്രവേശവും കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം
കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വിവാഹവും ഗൃഹപ്രവേശവും ഉൾപ്പെടെയുള്ള ചടങ്ങുകളുടെ വിവരം കോവിഡ് 19 ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇതുസംബന്ധിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി. അടച്ചിട്ട മുറികളിലെ പരിപാടികളിൽ 75 ഉം തുറസായ സ്ഥലത്തെ പരിപാടിയിൽ 150 ഉം പേർക്ക് പങ്കെടുക്കാം.
കോവിഡ് വ്യാപനം; പ്രധാനമന്ത്രി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് -19 സാഹചര്യങ്ങളെക്കുറിച്ചും വാക്സിനേഷൻ നടപടികളെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നു. രാത്രി എട്ടുമണിക്ക് ആരംഭിച്ച ചർച്ച തുടർന്നുകൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
രാജ്യത്താകെ കോവിഡ് -19 രോഗബാധകളുടെ എണ്ണം കുതിച്ചുയരുന്നതിനിടെയാണ് കൂടിക്കാഴ്ച. വിവിധ സംസ്ഥാനങ്ങളിൽ ആശുപത്രി സൗകര്യങ്ങളുടെ അഭാവമുള്ളതായും ഓക്സിജൻ വിതരണം പോലുള്ള അവശ്യ സേവനങ്ങൾ ലഭ്യമാവുന്നില്ലെന്നും റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
Read More: കോവിഡ് രണ്ടാം തരംഗവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും
സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനും പകർച്ചവ്യാധി തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ചകൾ നടത്തിയിരുന്നു.
രാജ്യത്ത് ഒരു ദിവസം സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളുടെ എണ്ണം റെക്കോഡ് കണക്കിലെത്തിയിരുന്നു. ശനിയാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിനിടെ 2,34,692 കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 1,341 മരണങ്ങളും ഈ സമയപരിധിക്കിടെ സ്ഥിരീകരിച്ചു. ഇന്ത്യയിൽ ആകെ കോവിഡ് -19 സ്ഥിരീകരിച്ചവരുടെ എണ്ണം 1,45,26,609 ആയും രോഗം ബാധിചട്ച് മരിച്ചവരുടെ എണ്ണം 1,75,649 ആയും വർധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Read More: മാസ്ക് ലൂസാണോ? വഴിയുണ്ട്
രാജ്യത്ത് സജീവമായ കോവിഡ് കേസുകളുടെ എണ്ണം 16 ലക്ഷത്തിലധികമാണ്. 16,79,740 പേരാണ് നിലവിൽ രോഗം ബാധിച്ച് ഇന്ത്യയിലുള്ളത്. ഇത് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കോവിഡ് രോഗബാധകളുടെ 11.56 ശതമാനമാണ്.