/indian-express-malayalam/media/media_files/uploads/2020/04/Modi-1.jpg)
ന്യൂഡൽഹി: കോവിഡ്-19 എന്ന മഹാമാരി നമ്മെ പഠിപ്പിക്കുന്നത്, രാജ്യം സ്വയം പര്യാപ്തത നേടണം എന്ന പാഠമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഞ്ചായത്തീരാജ് ദിനവുമായി ബന്ധപ്പെട്ട് സർപഞ്ചുമാരുമായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നിലവിൽ രാജ്യത്തെ പകുതിയോളം ഗ്രാമപഞ്ചായത്തുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് കണക്ഷൻ സംവിധാനമുണ്ട്. ഇത് വഴി ഇപ്പോൾ സംസാരിക്കാൻ കഴിയുന്നത് സാങ്കേതികവിദ്യയുടെ ഗുണമാണെന്നും മോദി പറഞ്ഞു.
Read More: പ്രവാസികളെ മടക്കിക്കൊണ്ടു വരാൻ കേന്ദ്രത്തോട് ഇപ്പോൾ നിർദേശിക്കാനാവില്ല: ഹൈക്കോടതി
രാജ്യം മുമ്പൊരിക്കലും അഭിമുഖീകരിക്കാത്ത പുതിയ വെല്ലുവിളികളാണ് കൊറോണ ഉയർത്തുന്നതെന്നും എന്നാൽ പുതിയ കുറേ കാര്യങ്ങൾ പഠിക്കാൻ ഇതുവഴി സാധിച്ചുവെന്നും നരേന്ദ്ര മോദി പറഞ്ഞു. ലോക്ക്ഡൗൺ നിയമങ്ങൾ പാലിച്ചതിന് ജനങ്ങളെ പ്രശംസിച്ച പ്രധാനമന്ത്രി, കോവിഡ് -19 പ്രതിസന്ധിയോട് ഇന്ത്യ എങ്ങനെ പ്രതികരിച്ചു എന്നതിനെക്കുറിച്ച് ഇന്ന് ലോകം മുഴുവൻ സംസാരിക്കുന്നതിന്റെ കാരണം ജനങ്ങളാണെന്നും പറഞ്ഞു. കൊറോണ വൈറസ് പ്രതിസന്ധിക്കിടയിൽ വിഭവങ്ങളുടെ ലഭ്യത പരിമിതമായിരുന്നിട്ട് പോലും, അതൊരു ബുദ്ധിമുട്ടായി എടുക്കുന്നതിന് പകരം പൗരന്മാർ ആ വെല്ലുവിളി ഏറ്റെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തടസ്സങ്ങളുണ്ടെന്നും എന്നാൽ ദൃഢനിശ്ചയത്തോടെ ഞങ്ങൾ മുന്നോട്ട് പോവുകയാണെന്നും രാജ്യത്തെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
പ്രശ്നങ്ങളുണ്ടാകുമ്പോഴേ, അതിനെ മറികടക്കാനുള്ള ആത്മവിശ്വാസം നമുക്കുണ്ടാകൂ എന്ന പാഠമാണ് ഇന്ത്യയിലെ ഗ്രാമങ്ങൾ നൽകിയത്. സാമൂഹിക അകലം എന്നോ ക്വാറന്റൈൻ എന്നോ വലിയ വാക്കുകൾ ഉപയോഗിക്കാതെ രണ്ടടി ദൂരം എന്ന ചെറിയ വാക്കിലൂടെ രാജ്യത്തെ ഗ്രാമങ്ങൾ പ്രശ്നങ്ങളെ നേരിട്ടു. തീർച്ചയായും ഇനിയും പ്രശ്നങ്ങളും പ്രതിസന്ധിയുമുണ്ടാകുമെന്നും, അതിനെയെല്ലാം രാജ്യം ഒറ്റക്കെട്ടായി നിന്ന് നേരിടുമെന്നും മോദി പറഞ്ഞു.
പഞ്ചായത്ത് തലത്തിലുള്ള പ്രവർത്തനങ്ങളുടെ അക്കൗണ്ടിങ് ആപ്ലിക്കേഷനും വെബ് പോർട്ടലുമായ ഇ-ഗ്രാം സ്വരാജ് ആപ്പും പോർട്ടലും മോദി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തുകളും ജില്ലകളും സ്വയംപര്യാപ്തമായാൽ ജനാധിപത്യം സുശക്തമാകും. ഇ - ഗ്രാം സ്വരാജ് ആപ്ലിക്കേഷനിലൂടെ സുതാര്യത ഉറപ്പാകും. രേഖകൾ സൂക്ഷിക്കുന്നത് എളുപ്പമാകും. പദ്ധതികൾ പെട്ടെന്ന് നടപ്പാക്കാനാകുമെന്നും മോദി പറഞ്ഞു.
കേന്ദ്രസർക്കാരിന്‍റെ സൗമിത്ര യോജന പദ്ധതി പ്രകാരം ഓരോ ഗ്രാമത്തിലേയും ഡ്രോൺ മാപ്പിങ് പൂർത്തിയാക്കും. അവിടത്തെ ജനങ്ങൾക്ക് ഭൂരേഖകൾ ലഭ്യമാക്കും. ഇതുവഴി അതിർത്തി തർക്കങ്ങൾ പരിഹരിക്കാനും. ഭൂമി പണയം വച്ചുള്ള ലോൺ ലഭ്യത എളുപ്പമാക്കാനും സാധിക്കുമെന്ന് മോദി പറഞ്ഞു.
Read in English: COVID-19’s biggest lesson is to become self-reliant: PM Modi
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.