ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യത്ത് നടക്കുന്ന അക്രമസംഭവങ്ങൾ ദൗർഭാഗ്യകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചർച്ചകളും സംവാദവും എതിരഭിപ്രായങ്ങളും ജനാധിപത്യത്തിന്റെ ഭാഗമാണ്. എന്നാൽ പൊതുമുതൽ നശിപ്പിച്ചോ സാധാരണ ജനജീവിതത്തെ തടസപ്പെടുത്തിയോ പ്രതിഷേധിക്കുന്നത്​ നമ്മുടെ പാരമ്പര്യമല്ലെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

“പൗരത്വ ഭേദഗതി നിയമം പാർലമെന്റിന്റെ ഇരു സഭകളും വലിയ ഭൂരിപക്ഷത്തോടെയാണ് പാസാക്കിയത്. വിവിധ രാഷ്ട്രീയ പാർട്ടികളും എംപിമാരും ബില്ലിനെ അനുകൂലിച്ചു. ഈ നിയമത്തിൽ ഒരുമ, അനുകമ്പ, സഹോദര്യം, അംഗീകരിക്കാനുള്ള സന്നദ്ധത തുടങ്ങി നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഇന്ത്യയുടെ സംസ്​കാരമാണ്​ ഉൾപ്പെടുത്തിയിരിക്കുന്നത്.”

പൗരത്വ ​ഭേദഗതി നിയമം ഇന്ത്യൻ പൗരൻമാരെയോ ഒരു മതവിഭാഗത്തെയും ബാധിക്കില്ലെന്ന്​ താൻ ഉറപ്പു നൽകുകയാണെന്നും ഒരു ഇന്ത്യൻ പൗരനും ഈ നിയമഭേദഗതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും പ്രധാനമന്ത്രി മറ്റൊരു ട്വീറ്റിൽ കുറിച്ചു. ഇന്ത്യക്ക്​ പുറത്ത്​ വർഷങ്ങളായി പീഡിപ്പിക്കപ്പെടുന്നവർക്കും ഇന്ത്യയല്ലാതെ മറ്റൊരിടമില്ലെന്ന അവസ്ഥയിലുള്ളവർക്കുമാണ്​ ഇത്​ ബാധകമാവുകയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ത്യയുടെ വികസനത്തിനും ഓരോ ഇന്ത്യക്കാരന്റെയും പ്രത്യേകിച്ച് പാവപ്പെട്ടവരുടെയും അധസ്ഥിത വിഭാഗക്കാരുടെയും അരികുവൽക്കരിക്കപ്പെട്ടവരുടെയും ശാക്തീകരണത്തിനുവേണ്ടിയും ഒരുമിച്ച്​ പ്രവർത്തിക്കേണ്ട സമയമാണിത്​. ഇന്ത്യയെ ഭിന്നിപ്പിക്കാനോ തടസം സൃഷ്​ടിക്കാനോ സ്ഥാപിത താൽപ്പര്യക്കാരെ അനുവദിക്കില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook