ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ കാശ്മീരികള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാന്‍പൂരില്‍ നടന്ന പൊതുറാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു കാശ്മീരികള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ പ്രധാനമന്ത്രി അപലപിച്ചത്. ചില വഴിപിഴച്ച ആളുകളാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കാശ്മീരികള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ സമയോചിതമായി നടപടി സ്വീകരിച്ച ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ മോദി അഭിനന്ദിച്ചു. ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ സംസ്ഥാനങ്ങള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ജനങ്ങള്‍ ഒരുമയുടെ അന്തരീക്ഷം നിലനിര്‍ത്തണമെന്നും റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ലക്‌നൗവിലെ മാര്‍ക്കറ്റില്‍ ഉണക്കപഴങ്ങള്‍ വിറ്റുകൊണ്ടിരുന്ന രണ്ട് കാശ്മീരി യുവാക്കളെ ഒരു സംഘം ആളുകള്‍ ക്രൂരമായി ആക്രമിച്ചത് കഴിഞ്ഞ ബുധനാഴ്ചയായിരുന്നു. വിശ്വഹിന്ദു ദള്‍ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook