Latest News

ഒമിക്രോൺ: രാജ്യാന്തര യാത്രാ ഇളവുകൾ വിശകലനം ചെയ്യാൻ പ്രധാനമന്ത്രിയുടെ നിർദേശം

ഒമിക്രോണുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

Coronavirus, COVID-19, PM Narendra Modi, Omicron, Covid, കോവിഡ്, കോവിഡ് വകഭേദം, ഒമിക്രോൺ, IE Malayalam

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഒമിക്രോൺ കോവിഡ് വകഭേദം ആഗോള തലത്തിൽ ആശങ്ക ഉയർത്തിയ സാഹചര്യത്തിൽ രാജ്യാന്തര യാത്രാ നിയന്ത്രണങ്ങളിലെ ഇളവുകൾ പുനഃപരിശോധിക്കാൻ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

ഒമിക്രോണുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിവരങ്ങൾ ധരിപ്പിച്ചിരുന്നു. ഒമിക്രോണിന്റെ സവിശേഷതകൾ, വിവിധ രാജ്യങ്ങളിലെ സ്വാധീനം, ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതിന്റെ പ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ച് ഉദ്യോഗസ്ഥർ വിശദീകരിച്ചു. അതിനുശേഷം, ഉയർന്ന കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ക്ലസ്റ്ററുകളിൽ പുതിയ കോവിഡ് -19 കേസുകളുടെ തീവ്രമായ നിയന്ത്രണവും സജീവ നിരീക്ഷണവും തുടരണമെന്ന് മോദി നിർദേശിച്ചു.

“ഉന്നതതല അവലോകന യോഗത്തിൽ, ‘അപകടസാധ്യതയുള്ള’ രാജ്യങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്, എല്ലാ രാജ്യാന്തര യാത്രക്കാരെയും നിരീക്ഷിക്കേണ്ടതിന്റെയും മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് അവരെ പരിശോധിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചും യോഗം ചർച്ച ചെയ്തു. ഉയർന്നുവരുന്ന പുതിയ തെളിവുകളുടെ വെളിച്ചത്തിൽ രാജ്യാന്തര യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള പദ്ധതികൾ അവലോകനം ചെയ്യാനും പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു,” പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

“കൂടിക്കാഴ്ചയിൽ, ഇന്ത്യയുടെ ജീനോം സീക്വൻസിങ് ശ്രമങ്ങളെക്കുറിച്ചും രാജ്യത്ത് പ്രചരിക്കുന്ന വേരിയന്റുകളെക്കുറിച്ചുമുള്ള ഒരു അവലോകനം ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയുമായി പങ്കുവച്ചു. രാജ്യാന്തര സഞ്ചാരികളിൽ നിന്നും സമൂഹത്തിൽ നിന്നും മാനദണ്ഡങ്ങൾക്കനുസൃതമായി ജീനോം സീക്വൻസിങ് സാമ്പിളുകൾ ശേഖരിക്കാനും അവ പരിശോധിക്കാനും യോഗത്തിൽ ധാരണയായി, ”പിഎംഒ പ്രസ്താവനയിൽ പറഞ്ഞു.

Also Read: അതിവേഗം പടരും, അപകടകാരി; പുതിയ വകഭേദം ‘ഒമിക്രോണ്‍’

സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ശരിയായ ബോധവൽക്കരണം നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാന സർക്കാരുകളുമായി ചേർന്ന് പ്രവർത്തിക്കാൻ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരോട് മോദി നിർദ്ദേശിച്ചു. “കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ക്ലസ്റ്ററുകളിൽ തീവ്രമായ നിയന്ത്രണവും സജീവ നിരീക്ഷണവും തുടരണമെന്നും നിലവിൽ ഉയർന്ന കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങൾക്ക് ആവശ്യമായ സാങ്കേതിക പിന്തുണ നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു,” പിഎംഒ പ്രസ്താവനയിൽ പറഞ്ഞു.

ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പുതിയ വകഭേദമായ ബി.1.1.529 നെ വളരെയധികം അപകടകാരിയെന്നാണ് വിശേഷിപ്പിച്ചത്. ഒമിക്രോൺ എന്നാണ് വകഭേദത്തിന് നല്‍കിയിരിക്കുന്ന പേര്. വ്യാഴാഴ്ച ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞരാണ് പുതിയ വകഭേദം പ്രഖ്യാപിച്ചത്. ഇസ്രയേൽ, ബൽജിയം, ബോട്സ്വാന, ഹോങ്കോങ് എന്നിവിടങ്ങളലും ഒമിക്രോൺ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കേരളത്തിലും ജാഗ്രത

തിരുവനന്തപുരം: വിദേശത്ത് കോവിഡിന്റെ പുതിയ വകഭേദമായ ‘ഒമിക്രോണ്‍’ കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്തും ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ചുള്ള നടപടികള്‍ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്. എല്ലാ വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കുന്നതാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

എല്ലാവരും മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവ ഉപയോഗിക്കാനും, സാമൂഹിക ആകലം പാലിക്കാനും ശ്രദ്ധിക്കണം. വാക്‌സിനെടുക്കാത്തവര്‍ എത്രയും വേഗം വാക്‌സിന്‍ എടുക്കേണ്ടതാണ്. ആരോഗ്യ വകുപ്പ് അവലോകന യോഗങ്ങള്‍ നടത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനകം ആര്‍ടിപിസിആര്‍ പരിശോധന നടത്തി എയര്‍സുവിധ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്ന വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവരെ കൂടുതല്‍ നിരീക്ഷിക്കുന്നതായിരിക്കും. ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ സംസ്ഥാനത്ത് എത്തിയിട്ട് എയര്‍പോര്‍ട്ടുകളില്‍ വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം.

എല്ലാ എയര്‍പോര്‍ട്ടുകളിലും കൂടുതല്‍ പരിശോധന നടത്താനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി വരുന്നു. ഇവര്‍ കര്‍ശനമായി ഏഴ് ദിവസം ക്വാറന്റൈനിലിരിക്കണം. അതിന് ശേഷം ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. മാത്രമല്ല ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ സംശയമുള്ള സാമ്പിളുകള്‍ ജനിതക വകഭേദം വന്ന വൈറസിന്റെ പരിശോധനയ്ക്കായി അയക്കുന്നതാണെന്നും മന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Pm modi chairs meeting on covid situation vaccinations

The moderation of comments is automated and not cleared manually by malayalam.indianexpress.com