പാറ്റ്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇടക്കാല ബജറ്റിനുമെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി അനില്‍ അംബാനിക്ക് 30000 കോടി നല്‍കുമ്പോള്‍ കര്‍ഷകര്‍ക്ക് നല്‍കുന്നത് വെറും 17 രൂപയാണെന്ന് രാഹുല്‍ പറഞ്ഞു. പാറ്റ്‌നയില്‍ പൊതു വേദിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

”അനില്‍ അംബാനിക്കും നീരവ് മോദിക്കും മെഹുല്‍ ചോക്‌സിക്കും മോദി കോടികളാണ് നല്‍കിയത്. പക്ഷെ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവരുടെ അക്കൗണ്ടിലായിരിക്കും പണം നിക്ഷേപിക്കുക” രാഹുല്‍ പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം ഉറപ്പു വരുത്തുമെന്നും തന്റെ പാര്‍ട്ടിയും പ്രതിപക്ഷത്തെ മറ്റ് പാര്‍ട്ടികളും ചേര്‍ന്ന് ജനങ്ങളുടെ അവകാശത്തിന് വേണ്ടി പോരാടുമെന്നും രാഹുല്‍ പറഞ്ഞു.

”ഇന്‍ഷുറന്‍സ് പ്രീമിയം അടച്ചിട്ടും കര്‍ഷകര്‍ക്ക് തങ്ങളുടെ കൃഷി നശിക്കുമ്പോള്‍ പണം ലഭിക്കുന്നില്ല. ഇന്‍ഷുറന്‍സ് കമ്പനികളാണ് ലാഭമുണ്ടാക്കുന്നത്. അരുണ്‍ ജെയ്റ്റ്‌ലിയോട് കര്‍ഷകരുടെ കടം എഴുതിത്തള്ളാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞത് അത് തങ്ങളുടെ പോളിസിയല്ലെന്നായിരുന്നു. അവര്‍ക്ക് വ്യവസായികളുടെ കോടികളുടെ കടം മറക്കാം. രാജ്യത്തിന്റെ കര്‍ഷകരുടെ കടം മറക്കാനാകില്ല” രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ബിഹാറിന് വിദ്യാഭ്യാസത്തിനും തൊഴിലിനുമുള്ള അവസരം തട്ടിയെടുത്തെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. അതേസമയം, രാജസ്ഥാന്റേയും മധ്യപ്രദേശിന്റേയും ചത്തീസ്ഗഢിന്റേയും മുഖ്യമന്ത്രിമാരോട് ഫുഡ് പ്രോസസിങ് യൂണിറ്റുകള്‍ ആരംഭിക്കാന്‍ ആവശ്യപ്പെട്ടു കഴിഞ്ഞെന്നും രാഹുല്‍ പറഞ്ഞു. അവസരം നല്‍കിയാല്‍ ബിഹാറിലെ കര്‍ഷകരേയും മുന്നോട്ട് കൊണ്ടു വരാനാകുമെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook