ന്യൂഡല്‍ഹി: സുഷമ സ്വരാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറെ വികാരഭരിതനായി. ഡല്‍ഹിയിലെ സുഷമയുടെ വസതിയിലെത്തിയാണ് നരേന്ദ്ര മോദി അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും മോദിക്കൊപ്പം ഉണ്ടായിരുന്നു. സുഷമയുടെ മൃതദേഹത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ച ശേഷമാണ് മോദി സങ്കടത്താല്‍ വിതുമ്പിയത്.

പുഷ്പചക്രം സമര്‍പ്പിച്ച ശേഷം സുഷ്മയുടെ ഭര്‍ത്താവ് സ്വരാജ് കൗശലിനെയും മകള്‍ ബാന്‍സുരിയെയും നരേന്ദ്ര മോദി ആശ്വസിപ്പിച്ചു. ഈ സമയത്ത് മോദിക്ക് വാക്കുകളില്ലാതെയായി. അദ്ദേഹം വളരെ വൈകാരിമായാണ് ഈ സാഹചര്യത്തില്‍ പ്രതികരിച്ചത്. നിശബ്ദനായി താഴേക്ക് നോക്കി നില്‍ക്കുന്ന മോദിയെ വീഡിയോയില്‍ കാണാം. സ്വരാജ് കൗശലുമായുള്ള സംസാരത്തിനിടെ നരേന്ദ്ര മോദി വിതുമ്പുകയും ചെയ്തു.

ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് വിദേശകാര്യ മന്ത്രിയായിരുന്നു സുഷമ സ്വരാജ്. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയാണ് സുഷമ അന്തരിച്ചത്. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അറുപത്തിയേഴ് വയസായിരുന്നു. ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാത്രി 9.30 ഓടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ സുഷമയുടെ നിര്യാണത്തില്‍ അനുശോചിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook