ന്യൂഡൽഹി: റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും ആരോപണം ഉയർത്തി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മോദിയെ അഴിമതിക്കാരനെന്നു വിളിച്ച രാഹുൽ വിമാന ഇടപാടിലൂടെ അനിൽ അംബാനിയുടെ പോക്കറ്റിലേക്ക് 30,000 കോടി ഇട്ടുകൊടുത്തത് പ്രധാനമന്ത്രിയാണെന്നും ആരോപിച്ചു.

വിമാന കരാറില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് കമ്പനിയെ പങ്കാളിയാക്കാന്‍ നിര്‍ബന്ധിത വ്യവസ്ഥയുണ്ടായിരുന്നെന്ന ദസോൾട്ട് ഏവിയേഷൻ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ കടന്നാക്രമണം. റഫാൽ ഇടപാടിൽ റിലയൻസിനെ പങ്കാളിയാക്കണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി നേരത്തെ മുൻ ഫ്രഞ്ച് പ്രസിഡന്റ് വെളിപ്പെടുത്തി. ഇപ്പോൾ റഫാലിലെ മുതിർന്ന ഉദ്യോഗസ്ഥനും ഇക്കാര്യം പറഞ്ഞിരിക്കുന്നു. ഇതിൽനിന്നും അഴിമതി നടന്നുവെന്ന കാര്യം ഉറപ്പാണ്- രാഹുൽ പറഞ്ഞു.

അനിൽ അംബാനിയെപ്പോലെയുളള വ്യവസായ പ്രമുഖരുടെ കാവൽക്കാരനായാണ് മോദി പ്രവർത്തിക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ അന്വേഷണം വേണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

പ്രതിരോധ മന്ത്രി നിർമ്മല സീതാരാമന്റെ പെട്ടെന്നുളള ഫ്രാൻസ് സന്ദർശനത്തെയും രാഹുൽ ചോദ്യം ചെയ്തു. ഫ്രാൻസിലേക്ക് പ്രതിരോധമന്ത്രിയുടെ പെട്ടെന്നുളള സന്ദർശനം എന്തിനായിരുന്നു? സർക്കാരിന്റെ കളളത്തരത്തെ മറച്ചുവയ്ക്കാനാണ് പ്രതിരോധ മന്ത്രിയുടെ ഫ്രാൻസ് സന്ദർശനമെന്നും രാഹുൽ പറഞ്ഞു. ബുധനാഴ്ച രാത്രിയാണ് പ്രതിരോധ മന്ത്രി മൂന്നു ദിവസത്തെ സന്ദർശനത്തിനായി ഫ്രാൻസിലേക്ക് പോയത്.

രാജ്യത്തെ പ്രധാന പ്രശ്നം അഴിമതിയാണ്. പ്രധാനമന്ത്രിക്കെതിരെ അഴിമതി ആരോപണം ഉയർന്നിട്ടും അദ്ദേഹം മൗനം പാലിക്കുകയാണ്. പ്രധാനമന്ത്രി രാജിവയ്ക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ