ന്യൂഡൽഹി: പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തി’ലൂടെ എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിൽ എത്തുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന അവസരത്തിൽ ഈ സർക്കാർ ഭരണകാലത്തെ തന്റെ അവസാനത്തെ മൻ കി ബാത്താണ് ഇതെന്നും മെയ് മാസത്തിലെ അവസാനത്തെ ഞായറാഴ്ച വീണ്ടും ഈ പരിപാടിയിലൂടെ ജനങ്ങൾക്ക് മുന്നിലെത്തുമെന്നും മോദി പറഞ്ഞു.
”ലോക്സഭ തിരഞ്ഞെടുപ്പ് വരുന്നതിനാൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ‘മൻ കി ബാത്’ പരിപാടി ഉണ്ടായിരിക്കില്ല. തിരഞ്ഞെടുപ്പിന് ശേഷം ഈ പരിപാടിയിലൂടെ നിങ്ങളെ ഞാൻ അഭിസംബോധന ചെയ്യും. അടുത്ത പ്രക്ഷേപണം മെയ് മാസത്തിലെ അവസാന ഞായറാഴ്ച ആയിരിക്കും. ഇനിയും വർഷങ്ങളോളം മൻ കി ബാത്തിലൂടെ നിങ്ങളോട് ഞാൻ സംസാരിക്കും,” മോദി പറഞ്ഞു.
അടുത്ത മാസം മുതൽ തിരഞ്ഞെടുപ്പ് ചട്ടം നിലവിൽ വരുമെന്നതിനെ തുടർന്നാണ് ഈ മാസത്തോടെ പരിപാടിയുടെ സംപ്രേക്ഷണം നിർത്തുന്നതെന്നാണ് സൂചന. തന്റെ അവസാനത്തെ ‘മൻ കി ബാത്തി’ൽ പുൽവാമ ഭീകരാക്രമണത്തിൽ ജീവൻ വെടിഞ്ഞ സൈനികർക്ക് മോദി ആദരാഞ്ജലി അർപ്പിച്ചു.
”10 ദിവസങ്ങൾക്കു മുൻപ് ധീരന്മാരായ മക്കളെ മാതൃരാജ്യത്തിന് നഷ്ടമായി. രാജ്യം മുഴുവൻ ധീര ജവാന്മാരുടെ കുടുംബത്തിനൊപ്പമുണ്ട്. കഠിനമായ ഹൃദയ വേദനയോടെയാണ് ഞാൻ സംസാരിക്കുന്നത്. ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങൾ സമാധാനത്തോടെ ഉറങ്ങുന്നതിനാണ് നമ്മുടെ ധീര ജവാന്മാർ ജീവൻ വെടിഞ്ഞത്. ഭാരത മാതാവിനു വേണ്ടി ജീവൻ വെടിഞ്ഞവർക്കു മുന്നിൽ ഞാൻ തല കുനിക്കുന്നു,” മോദി പറഞ്ഞു.