ന്യൂഡല്‍ഹി : ആധാര്‍ കാര്‍ഡിന്‍റെ നിയമസാധുതയെ കുറിച്ചുള്ള കേസ് സുപ്രീംകോടതി പരിഗണിക്കവേ ആധാറിനെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡല്‍ഹിയില്‍ നടന്ന എന്‍സിസിയുടെ റാലിയിലാണ് പ്രധാനമന്ത്രിയുടെ അഭിപ്രായപ്രകടനം. രാജ്യത്തിന്‍റെ വികസനത്തിന് കരുത്തുപകരുകയും അഴിമതി നിയന്ത്രിക്കുകയും ചെയ്തു എന്നായിരുന്നു പ്രധാനമന്ത്രിയുടെ അഭിപ്രായപ്രകടനം.

ആധാര്‍ വന്നതോടുകൂടി പല പദ്ധതികളിലുമായി നഷ്ടപ്പെടുകയായിരുന്ന 60,000 കോടി രൂപയാണ് സര്‍ക്കാര്‍ ലാഭിച്ചത് എന്നാണ് പ്രധാനമന്ത്രി അവകാശപ്പെട്ടത്. നേരത്തെയാണ് എങ്കില്‍ ഈ തുക ‘തെറ്റായ കൈകളില്‍’ എത്തുന്നതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

” ഈ ദിവസങ്ങളില്‍ നിങ്ങള്‍ ആധാറിനെകുറിച്ച് ധാരാളമായി കേള്‍ക്കുന്നുണ്ട്. ആധാര്‍ ഇന്ത്യയുടെ വികസനത്തിന് കരുത്ത് പകര്‍ന്നിരിക്കുന്നു എന്നാണ് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്. മുന്‍പ് തെറ്റായ കൈകളില്‍ ചെന്നെത്തുന്ന പണം ഇന്ന് യഥാര്‍ത്ഥ ഗുണഭോക്താവിന്‍റെ കൈകളില്‍ എത്തിച്ചേരുന്നുണ്ട്” പ്രധാനമന്ത്രി പറഞ്ഞതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

യുവാക്കളോട് അഴിമതിക്കെതിരെ പോരാടണം എന്ന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി ബിജെപി സര്‍ക്കാര്‍ ആരംഭിച്ച അഴിമതിവിരുദ്ധ പോരാട്ടത്തില്‍ നിന്നും ആരെയും ഒഴിവാക്കില്ല എന്നും പറഞ്ഞു.

” ഇന്ത്യയിലെ യുവാക്കള്‍ അഴിമതിയെ എതിര്‍ക്കുന്നു. അഴിമതിക്കെതിരായ യുദ്ധവും കള്ളപ്പണത്തിനെതിരായ യുദ്ധവും അവസാനിക്കില്ല. ഇത് ഇന്ത്യയിലെ യുവാക്കളുടെ ഭാവിക്കായുള്ള യുദ്ധമാണ്” നരേന്ദ്ര മോദി പറഞ്ഞു. ഡിജിറ്റല്‍ പണമിടപാടിലേക്ക് മാറണം എന്നും അദ്ദേഹം എന്‍സിസി കാഡറ്റുമാരോട് ആവശ്യപ്പെട്ടു.

” യുവാക്കളായ എന്‍റെ സുഹൃത്തുക്കളെ, നിങ്ങളോട് ഒരു കാര്യം ചോദിക്കാനാണ് ഞാനിവിടെ ഉള്ളത്. ഞാന്‍ വോട്ടോ രാഷ്ട്രീയമോ ചോദിക്കാനല്ല പോകുന്നത്. BHIM ആപ്പ് വഴി ഡിജിറ്റല്‍ പണമിടപാടിലേക്ക് മാറാനാണ് ഞാന്‍ അവകാശപ്പെടുത്തുന്നത്. ഇത് സുതാര്യതയിലേക്കും ഉത്തരവാദിത്തത്തിലെക്കുമുള്ള അടുത്ത കാല്‍വയ്പാണ്.” പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു.

നേരത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 2014 ഏപ്രിലില്‍ ആധാര്‍ കാര്‍ഡിലെ സുരക്ഷാവീഴ്ചകള്‍ വിമര്‍ശിച്ചുകൊണ്ട് നരേന്ദ്ര മോഡി ട്വീറ്റ് ചെയ്തിരുന്നു. ആധാറിലെ സുരക്ഷാവീഴ്ചകള്‍ക്ക് പ്രധാനമന്ത്രിയുടെ പക്കല്‍ ഉത്തരമില്ലെന്ന് പറഞ്ഞ നരേന്ദ്ര മോദി ഒരു ‘രാഷ്ട്രീയ തട്ടിപ്പ്‌’ എന്നാണ് അന്ന് ആധാറിനെ വിശേഷിപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ