ന്യൂഡൽഹി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പ്രവർത്തിക്കാൻ ബി.ജെ.പി എം.പിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം. കൂടുതൽ ജോലി ചെയ്യേണ്ട സമയമാണിതെന്നും കേന്ദ്ര സർക്കാറിന്‍റെ ജനക്ഷേമ പ്രവർത്തനങ്ങൾ താഴേതട്ടിൽ എത്തിക്കാൻ യുവാക്കളെ നേതൃത്വനിരയില്‍ കൊണ്ടുവരണമെന്നും മോദി പറഞ്ഞു.

തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരുങ്ങിക്കൊള്ളാന്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും നിര്‍ദേശം നല്‍കി. ഞാന്‍ വിശ്രമിക്കുകയും ഇല്ല, മറ്റുള്ളവരെ വിശ്രമിക്കാന്‍ അനുവദിക്കുകയും ഇല്ല എന്നാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മോദി എംപിമാരോട് പറഞ്ഞത്.

വരും ദിവസങ്ങളില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ ചെയ്യുമെന്ന് എഴുതിവെക്കാന്‍ പേനയും കടലാസും എടുക്കാന്‍ ആവശ്യപ്പെട്ടാണ് യോഗത്തില്‍ മോദി പ്രസംഗം ആരംഭിച്ചത്. സര്‍ക്കാരിന്റെ ഡിജിറ്റല്‍ പേയ്മെന്റ് ആപ്പ് ആയ ഭീം ജനങ്ങളിലെത്തിക്കാന്‍ പ്രചരണം നടത്താനും അദ്ദേഹം നിര്‍ദേശിച്ചു. വരും ദിവസങ്ങളില്‍ റാലികളും ബോധവത്കരണ പരിപാടികളുമായി എംപിമാര്‍ രംഗത്തിറങ്ങുമെന്നാണ് സൂചന.

ചെറുപ്പക്കാരെ ആകര്‍ഷിക്കാനായി ടിവി, പത്രം തുടങ്ങിയ മാധ്യമങ്ങളേക്കാളും ഓണ്‍ലൈന്‍ ആശയവിനിമയ ഉപാധികളെ ഫലപ്രദമായി ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി എംപിമാര്‍ക്ക് നിര്‍ദേശം നല്‍കി. പന്ത്രണ്ടാം ക്ലാസ് മുതല്‍ തന്നെ ചെറുപ്പക്കാരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ