ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി അമേരിക്കയിലെത്തി

ന്യൂയോർക്കിൽ നടക്കുന്ന 76 -ാമത് യുഎൻ പൊതുസമ്മേളനത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും

ന്യൂഡൽഹി: അമേരിക്കൻ പ്രധാനമന്ത്രി ജോ ബൈഡന്റെ ക്ഷണപ്രകാരം ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെത്തി. ന്യൂയോർക്കിൽ നടക്കുന്ന 76 -ാമത് യുഎൻ പൊതുസമ്മേളനത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും.

ഇന്ത്യൻ സമയം പുലർച്ചെ 3.30 ഓടെ വാഷിങ്ടണിലെ ആൻഡ്രൂസ് ജോയിന്റ് ബേസിൽ എത്തിയ പ്രധാനമന്ത്രിയെ ബൈഡൻ അഡ്മിനിസ്ട്രേഷനിലെ ഉന്നത ഉദ്യോഗസ്ഥരും യുഎസിലെ ഇന്ത്യൻ അംബാസഡർ തരഞ്ജിത് സിങ് സന്ധുവും ചേർന്ന് സ്വീകരിച്ചു.

രാവിലത്തെ അതി ശക്തമായ മഴ അവഗണിച്ചു ധാരാളം ഇന്ത്യക്കാരും പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യാൻ ആൻഡ്രൂസ് ജോയിന്റ് എയർഫോഴ്സ് ബേസിൽ എത്തിയിരുന്നു.

2014ൽ അധികാരമേറ്റ ശേഷം ഏഴാം തവണയാണ് മോദി യുഎസ് സന്ദർശിക്കുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ജപ്പാനും ഓസ്ട്രേലിയയുമായുള്ള ബന്ധം ദൃഢപ്പെടുത്തുന്നതിനുമുള്ള സന്ദർശനമാണിതെന്ന് പ്രധാനമന്ത്രി യാത്രക്ക് മുൻപ് പറഞ്ഞിരുന്നു.

അടുത്ത മൂന്ന് ദിവസത്തേക്ക് നിറയെ പരിപാടികളുമായാണ് പ്രധാനമന്ത്രി അമേരിക്കയിൽ എത്തിയിരിക്കുന്നത്. ഇന്ന് അമേരിക്കയുടെ വൈസ് പ്രസിഡന്റ് കമല ഹാരിസുമായി കൂടിക്കാഴ്ച നടത്തുന്ന മോദി നാളെ വൈറ്റ് ഹൗസിൽ വെച്ചു ജോ ബൈഡനുമായി ഉഭയകക്ഷി ചർച്ച നടത്തും. അതിനു ശേഷം ബൈഡന്റെ അധ്യക്ഷതയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കും. മോദിക്ക് പുറമെ ജപ്പാൻ പ്രധാനമന്ത്രി യോഷിഹൈഡ് സുഗ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കും.

വാഷിങ്ടണിലെ പരിപാടികൾ പൂർത്തിയാക്കിയ ശേഷം ന്യൂയോർക്കിലേക്ക് പോകുന്ന പ്രധാനമന്ത്രി 76 -ാമത് യുഎൻ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. മോദിയുടെ പ്രസംഗം കോവിഡ് മഹാമാരി, തീവ്രവാദത്തിനെതിരെ പോരാടേണ്ടതിന്റെ ആവശ്യകത, കാലാവസ്ഥാ വ്യതിയാനം, മറ്റ് പ്രധാന പ്രശ്നങ്ങൾ എന്നിവയുൾപ്പെടെയുള്ള ആഗോള വെല്ലുവിളികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും.

യുഎസിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ക്വാൽകോമിൽ നിന്നുള്ള ക്രിസ്റ്റ്യാനോ ഇ അമോൻ, അഡോബിൽ നിന്നുള്ള ശാന്തനു നാരായൺ, ഫസ്റ്റ് സോളാറിൽ നിന്നുള്ള മാർക്ക് വിഡ്മാർ, ജനറൽ ആറ്റോമിക്സിൽ നിന്ന് വിവേക് ​​ലാൽ, ബ്ലാക്ക്സ്റ്റോണിൽ നിന്നുള്ള സ്റ്റീഫൻ എ ഷ്വാർസ്മാൻ എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തുക.

Also read: മോദി-ബൈഡൻ കൂടിക്കാഴ്ച; ഭീകര വിരുദ്ധ നടപടികൾ ചർച്ചയാവും

ജോ ബൈഡൻ പ്രസിഡന്റ് ആയതിനു ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണിത്. മോദിയുടെ ബൈഡനുമായുള്ള ആദ്യത്തെ നേരിട്ടുള്ള കൂടിക്കാഴ്ചയും ഇത് തന്നെയാകും. നേരത്തെ മാർച്ചിലെ ക്വാഡ് ഉച്ചകോടിയിലും ഏപ്രിലിലെ കാലാവസ്ഥ ഉച്ചകോടിയിലും ജൂണിലെ ജി-7 ഉച്ചകോടിയിലും ഓൺലൈനിലൂടെ ഇവർ സംസാരിച്ചിരുന്നു.

2019 സെപ്റ്റംബറിൽ ഡോണൾഡ് ട്രംപ് പ്രസിഡന്റായിരിക്കെയാണ് മോദി അവസാനമായി അമേരിക്ക സന്ദർശിച്ചത്. അന്ന് “ഹൗദി മോദി” പരിപാടിയിൽ പ്രധാനമന്ത്രി സംസാരിച്ചിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Pm modi arrives in us to attend quad leaders summit address unga

Next Story
കോവിഡ് മരണത്തിന് അന്‍പതിനായിരം രൂപ നഷ്ടപരിഹാരം; നല്‍കുക സംസ്ഥാനങ്ങള്‍Coronavirus, covid19, covid19 death, ex gratia for covid death, 50,000 ex gratia for covid death, National Disaster Management Authority covid death, covid19 death exg gratia State Disaster Response Fund, covid19 death exg gratia supreme court, covid19 death exg gratia central government, covid news, latest news, kerala news, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com