ആംസ്റ്റർഡാം:​ ത്രിരാഷ്ട്ര സന്ദർശനത്തിനായി പുറപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നെതർലൻഡ്സിലെത്തി. പോർച്ചുഗലിന് പിന്നാലെ അമേരിക്കയിൽ സന്ദർശനം നടത്തിയ പ്രധാനമന്ത്രി ട്രംപുമായി ശക്തമായ സൗഹൃദം സ്ഥാപിച്ച ശേഷമാണ് നെതർലൻഡ്സിലെത്തിയത്.

നെതർലൻഡ്സ് പ്രധാനമന്ത്രി മാർക് റൂട്ടെയുമായുള്ള ചർച്ചയാണ് ഈ സന്ദർശനത്തിലെ പ്രധാന ലക്ഷ്യം. ഇരു രാജ്യങ്ങൾക്കുമിടയിൽ ശക്തമായ ഉഭയകക്ഷി ബന്ധം സ്ഥാപിക്കാനാണ് ഇന്ത്യൻ പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്.

നെതർലൻഡ്സിൽ എത്തിയ ഉടൻ ഇക്കാര്യം അറിയിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഏറ്റവും മൂല്യമേറിയ സുഹൃത്താണ് നെതർലൻഡ്സെന്നും ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢപ്പെടുത്തുകയാണ് യാത്രയുടെ ഉദ്ദേശമെന്നും പ്രധാനമന്ത്രി ട്വീറ്റിൽ വ്യക്തമാക്കി.

ആംസ്റ്റർഡാമിലെ ഷിഫോൾ വിമാനത്താവളത്തിലാണ് ഇന്ത്യൻ പ്രധാനമന്ത്രി വിമാനമിറങ്ങിയത്. വിദേശകാര്യ മന്ത്രി ബെർട് കോണ്ടേർസ് വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിക്കാനെത്തി. ഒരു ദിവസത്തെ സന്ദർശനത്തിനിടെ, നെതർലൻഡ്സ് പ്രധാനമന്ത്രി മാർക് റുട്ടെ, രാജാവ് വില്ലം അലക്സാണ്ടർ, രാജ്ഞി മാക്സിമ എന്നിവരുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും.

ഇരു രാജ്യങ്ങളിലും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ എഴുപതാം വാർഷികമാണ് ഈ വർഷം ആചരിക്കുന്നത്. ഭീകര വിരുദ്ധ പ്രവർത്തനം, കാലാവസ്ഥ വ്യതിയാനം എന്നീ ആഗോള വിഷയങ്ങളിൽ നെതർലൻഡ്സ് പ്രധാനമന്ത്രി മാർക് റുട്ടെയുമായി ഇന്ത്യൻ പ്രധാനമന്ത്രി ചർച്ച നടത്തും.

യൂറോപ്യൻ യൂണിയനിൽ ഇന്ത്യ വ്യാപാര ബന്ധം തുടരുന്ന ഏറ്റവും വലിയ ആറാമത്തെ രാജ്യമാണ് നെതർലൻ്ഡ്സ്. ഇതിന് പുറമേ ഇന്ത്യയുമായി നിക്ഷേപ പങ്കാളിത്തമുള്ള ലോകത്തിലെ അഞ്ചാമത്തെ വലിയ രാജ്യവുമാണ് ഇവിടം. അതുകൊണ്ട് തന്നെ ചർച്ചകളിൽ സാമ്പത്തിക ബന്ധത്തിനാകും കൂടുതൽ പ്രധാന്യം നൽകുക.

വെള്ളം, മലിനീകരണ നിയന്ത്രണം, കൃഷി, ഭക്ഷ്യ സംസ്കരണം, തുറമുഖം, ഊർജ്ജം എന്നീ രംഗങ്ങളിലെ നെതർലന്റിന്റെ വൈദഗ്ദ്ധ്യം ഇന്ത്യയ്ക്ക് ഏറെ ഉപയോഗപ്രദമാണെന്ന് ഇന്ത്യൻ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

പ്രധാന ഡച്ച് കമ്പനികളുടെ സിഇഒ മാരുമായും ഇന്ത്യൻ പ്രധാനമന്ത്രി ചർച്ച നടത്തുന്നുണ്ട്. ഇവരെ ഇന്ത്യയിലേക്ക് കൂടുതൽ നിക്ഷേപം നടത്താൻ ക്ഷണിക്കുകയാണ് നരേന്ദ്ര മോദിയുടെ ലക്ഷ്യം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ