മനില : തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രങ്ങളുടെ (ആസിയാന്‍) അമ്പതാമത് ഉച്ചകോടിയില്‍ പങ്കെടുക്കുവാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫിലിപ്പൈന്‍സിലെത്തി. ഞായറാഴ്ച്ച നടക്കുന്ന ഉച്ചകോടിക്ക് മുന്നോടിയായി ലോകനെതാക്കള്‍ക്ക് ഒരുക്കിയ വിരുന്നില്‍ പങ്കെടുത്ത നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്, ചൈനീസ് റിപബ്ലിക് പ്രധാനമന്ത്രി ലി കെക്വിങ്ങ്, റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മദ്വേദേവ്, ജപ്പാനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബേ, മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്ക് എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി. വിരുന്നിനിടയില്‍ അല്പം സമയം മാത്രമാണ് ഈ കൂടിക്കാഴ്ച്ചകള്‍ നീണ്ടത്.

തിങ്കളാഴ്ച്ച മുതല്‍ നരേന്ദ്ര മോദി വിവിധ രാഷ്ട്രതലവന്മാരുമായി കൂടിക്കാഴ്ച നടത്തും. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്, ജപ്പാനീസ് പ്രസിഡന്റ് ഷിന്‍സോ ആബെ, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി പിഎം മാല്‍ക്കം ടേണ്‍ബെല്‍, വിയറ്റ്നാം പ്രധാനമന്ത്രി ങുയെന്‍ സുവാന്‍ ഫുക്, ന്യൂസിലന്‍ഡ്‌ പ്രധാനമന്ത്രി ജാകിന്‍ഡ ആര്‍ഡേണ്‍, ബ്രൂണൈ സുല്‍ത്താന്‍ ഹസ്സനാല്‍ ബൊള്‍കിയ എന്നിവരുമായുള്ള നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ച് തീരുമാനിച്ചിട്ടുണ്ട്.

തിങ്കളാഴ്ച, അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി നാല്‍പ്പത്തിയഞ്ചു മിനുറ്റ് നീണ്ട ചര്‍ച്ച തീരുമാനിച്ചിട്ടുണ്ട്. ഈയടുത്ത് ഇന്ത്യ കൈവരിച്ചുകൊണ്ടിരിക്കുന്ന വളര്‍ച്ചയെ പ്രശംസിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് മുന്നോട്ടുവന്നിരുന്നു. ചൈന അതിന്റെ സൈനിക ശക്തി വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് പ്രദേശത്ത് കൂടുതല്‍ തന്ത്രപ്രധാനമായ പങ്ക് വഹിക്കാനുണ്ട്. ഫ്രാന്‍സും ജപ്പാനും പോലുള്ള രാഷ്ട്രങ്ങള്‍ ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്താന്‍ മുന്‍കൈ എടുത്തിട്ടുണ്ട്.

തീവ്രവാദത്തിനെതിരായി ഒരു അന്താരാഷ്ട്ര കോണ്‍ഫെറന്‍സ് സംഘടിപ്പിക്കുകയെന്ന ഇന്ത്യയുടെ ആവശ്യവും മനിലയില്‍ ചര്‍ച്ചയായേക്കും.

ഇന്ത്യയടങ്ങുന്ന ആസിയാന്‍ പ്രദേശത്ത് 1.85 ദശലക്ഷം വരുന്ന ജനസംഖ്യയുണ്ട്. ലോകത്തിലെ നാലിലൊന്ന് വരുന്ന ഈ ജനസംഖ്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം 3.8 ലക്ഷം കോടി ഡോളര്‍ വരുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ 17 വര്‍ഷമായി ആസിയാന്‍ രാഷ്ട്രങ്ങള്‍ ഇന്ത്യയിലേക്ക് 70ദശലക്ഷം ഡോളറിനു മുകളില്‍ നിക്ഷേപിച്ചിട്ടുണ്ട് എന്നാണ് കണക്ക്. ആസിയാന്‍ രാഷ്ട്രങ്ങളുമായി വ്യാവസായിക നയതന്ത്രബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ എന്ന ഉദ്ദേശത്തോട് കൂടിയാണ് ആസിയാന്‍ ഉച്ചകോടി നടക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ