ന്യൂഡല്‍ഹി: രാജ്യത്തെ 20 സര്‍വകലാശാലകളെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ 10,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറില്‍ പട്ന സര്‍വ്വകലാശാലയുടെ ശതവാര്‍ഷിക ആഘോഷ ചടങ്ങിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

സ്ഥാപനങ്ങളെ കേന്ദ്ര സര്‍വ്വകലാശാലകള്‍ ആക്കി മാറ്റുന്നതിനപ്പുറം 10 സ്വകാര്യ സര്‍വകലാശാലകളും 10 സര്‍ക്കാര്‍ സര്‍വകലാശാലകളും ലോക നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പട്ന സര്‍വകലാശാലയ്ക്ക് കേന്ദ്ര സര്‍വ്വകലാശാലാ പദവി നല്‍കണമെന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അഭ്യര്‍ത്ഥനയ്ക്ക് മറുപടി പറയുകയായിരുന്നു മോദി.

‘അതിനെ കുറിച്ച് എനിക്ക് പറയാനുണ്ട്. സര്‍വ്വകലാശാലകള്‍ക്ക് കേന്ദ്ര പദവി നല്‍കുക എന്നത് പഴയ വിഷയമാണ്. നമ്മള്‍ ഒരുപടി മുമ്പോട്ടാണ് എടുക്കുന്നത്. അഞ്ച് വര്‍ഷത്തേക്ക് 20 സര്‍വകാലാശാലകള്‍ക്ക് 10,000 കോടി രൂപയാണ് വികസനത്തിനായി അനുവദിക്കാന്‍ പദ്ധതിയിടുന്നത്. ലോക നിലവാരത്തിലേക്ക് ഉയരാനുളള സാമര്‍ത്ഥ്യം ഈ സര്‍വകലാശാലകള്‍ പ്രകടിപ്പിച്ചാല്‍ മാത്രം മതിയാകും’ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുന്‍കാല പ്രവര്‍ത്തനങ്ങളുടേയും മികവിന്റേയും അടിസ്ഥാനത്തിലാണ് 20 സര്‍വകലാശാലകളെ തെരഞ്ഞെടുക്കുക. ഇതില്‍ ഉല്‍പ്പെടാനായി പട്ന സര്‍വകലാശാലയും അവസരം മുതലാക്കണമെന്നും മോദി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ