ന്യൂഡല്‍ഹി: സര്‍ക്കാര്‍ രൂപീകരണത്തിനായി എന്‍ഡിഎയില്‍ തിരക്കിട്ട ചര്‍ച്ചകള്‍. രണ്ടാം മോദി സര്‍ക്കാരില്‍ ആരെല്ലാം മന്ത്രിമാരാകുമെന്ന് ഇന്നറിയാം. ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസം അഞ്ച് മണിക്കൂറോളമാണ് മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇരുവരും തമ്മില്‍ നടന്നത്. മന്ത്രിമാരെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. നാളെയാണ് മോദിയുടെ സത്യപ്രതിജ്ഞ.
അമിത് ഷാ മന്ത്രിസഭയിലുണ്ടാകുമോ എന്ന കാര്യത്തില്‍ ഇനിയും അന്തിമ തീരുമാനമായിട്ടില്ല. അമിത് ഷാ മന്ത്രിയായി വേണമെന്ന് ബിജെപിക്കുള്ളില്‍ ഒരു വിഭാഗം ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍, പാര്‍ട്ടി അധ്യക്ഷനായി തന്നെ ഷാ തുടരുന്നതാണ് നല്ല കാര്യമെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു. ഇന്ന് വൈകീട്ടോടെ അഭ്യൂഹങ്ങള്‍ക്ക് അവസാനമാകും. അമിത് ഷാ മന്ത്രിസഭയിലെത്തിയാല്‍ ബിജെപിക്ക് പുതിയ അധ്യക്ഷനെ തേടേണ്ടി വരും. മാത്രമല്ല, മോദിക്ക് താഴെ ഏറ്റവും പ്രധാനപ്പെട്ട വകുപ്പ് തന്നെ അമിത് ഷായ്ക്ക് നല്‍കുകയും ചെയ്യും.
Read More: ‘രാജി വയ്ക്കരുത്, ജനഹൃദയങ്ങള്‍ ജയിച്ചവനാണ് നിങ്ങള്‍’; രാഹുലിനോട് സ്റ്റാലിന്‍
വിവിധ സംസ്ഥാനങ്ങളിലെ ബിജെപി അധ്യക്ഷന്‍മാരുമായി അമിത് ഷാ സംസാരിച്ചതായാണ് വിവരം. ബിജെപി നേതാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമായിരിക്കും അന്തിമ തീരുമാനത്തിലെത്തുക. എന്‍ഡിഎ മുന്നണിയിലെ സഖ്യ കക്ഷികളില്‍ ആര്‍ക്കൊക്കെ മന്ത്രിസ്ഥാനം ലഭിക്കുമെന്ന കാര്യത്തിലും വ്യക്തതയായിട്ടില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അമേഠിയില്‍ പരാജപ്പെടുത്തിയ സ്മൃതി ഇറാനിക്ക് പ്രധാന വകുപ്പ് നല്‍കാന്‍ സാധ്യതയുണ്ട്. ഒന്നാം മോദി സര്‍ക്കാരില്‍ വിദേശവകുപ്പ് കൈക്കാര്യം ചെയ്ത സുഷമ സ്വരാജ് ഇത്തവണ മന്ത്രിസഭയിലുണ്ടാകുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് സുഷമ സ്വരാജ് ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.
Read More: ഈ ജനവിധി വലിയ ഉത്തരവാദിത്തം നല്‍കുന്നു; നന്ദി പറഞ്ഞ് നരേന്ദ്ര മോദി
മേയ് 30 വ്യാഴാഴ്ച രാത്രി ഏഴിനാണ് മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങ്. രാഷ്ട്രപതി ഭവനില്‍ വച്ച് നടക്കുന്ന ചടങ്ങിന് അയല്‍രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്ക് ക്ഷണമുണ്ട്. എന്നാല്‍, പാകിസ്ഥാനെ ക്ഷണിച്ചിട്ടില്ല. ആറായിരത്തോളം പേര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും. ചടങ്ങില്‍ പങ്കെടുക്കാനായി മമത ഇന്ന് ഡല്‍ഹിയിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.