ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്. മോദിയൊരു തികച്ച രാജ്യസ്നേഹിയാണെന്ന് പുടിന് പറഞ്ഞു. മോദിയുടെ നേതൃത്വത്തിന് കീഴില്‍ ഇന്ത്യ ഒരുപാട് വളര്‍ച്ച കൈവരിച്ചെന്നും റഷ്യന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. മോസ്കോയിലെ വാല്‍ദായി ഡിസ്കഷന് ക്ലബ്ബിന് 19-ാമത് വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പുടിന്.
“ബ്രിട്ടീഷ് കോളനിവത്കരണത്തില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക് ഇന്ത്യ സഞ്ചരിച്ചു. ഇത് ആഗോളതലത്തില്‍ ബഹുമാനം അര്‍ഹിക്കുന്ന ഒന്നാണ്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ സമീപ വർഷങ്ങളിൽ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. മോദി തികഞ്ഞ ദേശസ്നേഹിയാണ്. അദ്ദേഹത്തിന്റെ ആശയമായ ‘മേക്ക് ഇൻ ഇന്ത്യ’ ശ്രദ്ധേയമായ ഒരു ശ്രമമാണ്. വികസനത്തിൽ ഇന്ത്യ ശരിക്കും പുരോഗമിച്ചു. മഹത്തായ ഒരു ഭാവി അതിന് മുന്നിലുണ്ട്,” പുടിൻ വ്യക്തമാക്കി.
“ഇന്ത്യയുമായി ഞങ്ങള്‍ക്ക് പ്രത്യേക ബന്ധമുണ്ട്. ഞങ്ങൾക്ക് ഒരിക്കലും ഇന്ത്യയുമായി പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല, ഞങ്ങൾ എല്ലായ്പ്പോഴും പരസ്പരം പിന്തുണച്ചിട്ടുണ്ട്, ഭാവിയിലും അത് അങ്ങനെ തന്നെ തുടരുമെന്ന് വിചാരിക്കുന്നു,” പുടിന് പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണവും വളരുകയാണെന്നും പുടിന് അറിയിച്ചു.
“ഇന്ത്യൻ കാർഷിക മേഖലയ്ക്ക് നിർണായകമായ വളത്തിന്റെ വിതരണം വർധിപ്പിക്കാൻ പ്രധാനമന്ത്രി മോദി എന്നോട് ആവശ്യപ്പെട്ടിരുന്നു, ഞങ്ങൾ അത് ചെയ്തു,” അദ്ദേഹം പറഞ്ഞു, വിശദാംശങ്ങളിലേക്ക് പോകാതെ വിതരണം 7.6 മടങ്ങ് വർധിപ്പിച്ചു.
ഉസ്ബെക്കിസ്ഥാൻ നഗരമായ സമർകണ്ടിൽ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്കിടെയാണ് മോദിയും പുടിനും അവസാനമായി കണ്ടുമുട്ടിയത്. യുക്രൈനിലെ റഷ്യൻ അധിനിവേശത്തെക്കുറിച്ച് പുടിനോട് മോദി നടത്തിയ പരാമർശം ശ്രദ്ധ നേടിയിരുന്നു.