ന്യൂഡൽഹി: ഏപ്രിൽ 14 ന് ലോക്ക്ഡൗൺ അവസാനിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്തേക്കും. നാളെയോ മറ്റന്നാളോ പ്രധാനമന്ത്രി ലോക്ക്ഡൗൺ നീട്ടുമോ ഇല്ലയോ എന്നത് സംബന്ധിച്ച തീരുമാനം രാജ്യത്തെ അറിയിക്കുമെന്നാണ് വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം.

നാളെ സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കും. ലോക്ക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിമാരുടെ നിർദേശങ്ങളും അദ്ദേഹം തേടും. അതിനുശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക.

അതേസമയം, രോഗവ്യാപനം കൂടുതലുളള സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ നീട്ടിയേക്കുമെന്നാണ് സൂചന. ഇതര സംസ്ഥാനങ്ങളിലേക്ക് യാത്രാനിരോധനം തുടരും. സ്കൂളുകളും കോളേജുകളും ആരാധനാലയങ്ങളും അടച്ചിടുമെന്നാണ് വിവരം.

Read Also: കോവിഡ്: മരണ സംഖ്യ ഒരു ലക്ഷത്തിലേക്ക്; രോഗ ബാധിതർ 16 ലക്ഷം കടന്നു

കഴിഞ്ഞ ബുധനാഴ്ച രാഷ്ട്രീയ പാർട്ടി നേതാക്കളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ലോക്ക്ഡൗൺ ഒറ്റയടിക്ക് നീക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചതായാണ് റിപ്പോർട്ടുകൾ. ”രാജ്യത്തെ ഓരോ ജീവൻ രക്ഷിക്കുക എന്നതാണ് സർക്കാരിന്റെ മുൻഗണന. രാജ്യത്തെ സ്ഥിതി ഒരു ‘സാമൂഹിക അടിയന്തരാവസ്ഥ’യ്ക്ക് സമാനമാണ്, അതിന് കടുത്ത തീരുമാനങ്ങൾ ആവശ്യമാണ്, നാം ജാഗ്രത പാലിക്കണം,”പ്രധാനമന്ത്രി പറഞ്ഞതായി കോൺഫറൻസിൽ പങ്കെടുത്ത രാഷ്ട്രീയ നേതാക്കൾ വ്യക്തമാക്കി.

മാർച്ച് 25 നാണ് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് 21 ദിവസത്തെ ലോക്ക്ഡൗൺ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഏപ്രിൽ 14 നാണ് ലോക്ക്ഡൗൺ കഴിയുക. എന്നാൽ കർണാടക, ഉത്തർ പ്രദേശ്, തെലങ്കാന, രാജസ്ഥാൻ, അസം, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവയടക്കം പല സംസ്ഥാനങ്ങളും ലോക്ക്ഡൗൺ നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒഡീഷയിൽ ഏപ്രിൽ 30 വരെ ലോക്ക്ഡൗൺ നീട്ടിയിട്ടുണ്ട്. രാജ്യത്ത് ലോക്ക്ഡൗൺ നീട്ടുന്ന ആദ്യ സംസ്ഥാനമാണ് ഒഡീഷ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook