ന്യൂഡല്‍ഹി: തന്നെക്കൊണ്ട് മോദി വിരുദ്ധ പരാമര്‍ശം നടത്താൻ മാധ്യമങ്ങള്‍ ശ്രമിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയെന്ന് അഭിജിത് ബാനര്‍ജി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നൊബേല്‍ സമ്മാന ജേതാവ്.

”അദ്ദേഹം ടിവി കാണുന്നുണ്ട്, അദ്ദേഹം നിങ്ങളെ കാണുന്നുണ്ട്, നിങ്ങള്‍ എന്താണ് ചെയ്യാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹത്തിന് അറിയാം. അതുകൊണ്ട് നിര്‍ത്തൂ” എന്നായിരുന്നു അഭിജിത്തിന്റെ പ്രതികരണം. മോദിയുമായുള്ള കൂടിക്കാഴ്ചയെ വേറിട്ട അനുഭവമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. തനിക്കായി ഒരുപാട് സമയം അനുവദിച്ചതിന് അദ്ദേഹം പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു.

Read More: നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി പ്രധാനമന്ത്രിയെ കണ്ടു; രാജ്യത്തിന് അഭിമാനമെന്ന് മോദി

മാധ്യമങ്ങള്‍ എങ്ങനെയാണ് തന്നെക്കൊണ്ട് മോദി വിരുദ്ധ പ്രസ്താവനകള്‍ പറയിപ്പിച്ച് കുരുക്കിലാക്കാന്‍ ശ്രമിക്കുന്നതെന്ന തമാശരൂപേണ പറഞ്ഞാണ് പ്രധാനമന്ത്രി സംഭാഷണം ആരംഭിച്ചതെന്നും ബാനര്‍ജി പറഞ്ഞു. ഇന്ത്യയെ കുറിച്ചുള്ള തന്റെ ചിന്തകള്‍ മോദി പങ്കുവച്ചെന്നും ഭരണത്തോടുള്ള ചിലരുടെ വിമര്‍ശനങ്ങള്‍ എങ്ങനെയാണ് ഭരണത്തെ മെച്ചപ്പെട്ടതാക്കുന്നത് എന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചെന്ന് ബാനര്‍ജി പറഞ്ഞു.

നേരത്തെ, അഭിജിത് ബാനര്‍ജിയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. അഭിജിത് ബാനര്‍ജിയുടെ നേട്ടത്തിൽ രാജ്യം അഭിമാനിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. മാനവ ശാക്തീകരണത്തോടുള്ള അഭിജിത്തിന്റെ അഭിനിവേശം വ്യക്തമാണെന്നും വിവിധ വിഷയങ്ങളില്‍ സമഗ്ര ചര്‍ച്ച നടത്തിയെന്നും മോദി പറഞ്ഞു. അഭിജിത്തിന്റെ എല്ലാ ഭാവി ഉദ്യമങ്ങളിലും ആശംസകള്‍ നേരുന്നതായും മോദി ട്വീറ്റില്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook