ന്യൂഡല്‍ഹി: അധികാരത്തിലെത്താന്‍ നരേന്ദ്രമോദി വ്യാജശക്തിമാന്‍ പ്രതിച്ഛായ സൃഷ്ടിച്ചുവെന്നും അത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തിയായിരുന്നുവെന്നും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്നാല്‍, അതിപ്പോള്‍ ഇന്ത്യയുടെ ഏറ്റവും വലിയ ദൗര്ബല്യമായെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്ത വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്.
ചൈനയുമായുള്ള സംഘര്‍ഷത്തില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം 20 സൈനികര്‍ കൊല്ലപ്പെട്ടതിന് ശേഷം കോണ്‍ഗ്രസ് മോദിക്കെതിരെ നടത്തുന്ന വാക് ആക്രമണത്തിന്റെ ഭാഗമായി രാഹുല്‍ ട്വീറ്റ് ചെയ്ത വീഡിയോയിലാണ് ഇക്കാര്യമുള്ളത്.
ചൈന അവര്‍ മനസ്സില്‍ കാണുന്ന ലോകത്തെ സൃഷ്ടിക്കുന്നതിനായി പ്രവര്‍ത്തിക്കുകയാണെന്ന് രണ്ട് മിനിട്ട് നീളുന്ന വീഡിയോയില്‍ രാഹുല്‍ പറയുന്നു.
Read Also: എല്‍ഡിഎഫ് യോഗം അടുത്തയാഴ്ച; സ്വര്‍ണക്കള്ളക്കടത്ത് വിവാദം ചര്‍ച്ചയാകും
ഇന്ത്യയും ചൈനയും തമ്മിലെ സംഘര്‍ഷങ്ങളെ കേവലം അതിര്‍ത്തി പ്രശ്നമായി മാത്രം കാണാന്‍ സാധിക്കുകയില്ലെന്ന് രാഹുല്‍ പറയുന്നു. പ്രധാനമന്ത്രിയുടെ മേല്‍ സമ്മര്‍ദ്ദമുണ്ടാക്കാന്‍ വേണ്ടി രൂപകല്പന ചെയ്ത അതിര്‍ത്തി പ്രശ്നമാണെന്നും ചൈന അദ്ദേഹത്തിന്റെ പ്രതിച്ഛായയെ ആക്രമിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.
“ഒരു ഫലപ്രദമായ രാഷ്ട്രീയക്കാരന് ആയിരിക്കാന്‍ മോദിക്ക് 56 ഇഞ്ച് എന്ന ആശയം സംരക്ഷിക്കേണ്ടതുണ്ടെന്ന് ചൈനയ്ക്ക് അറിയാം. ഞങ്ങള്‍ പറയുന്നത് നിങ്ങള്‍ പറയാതിരുന്നാല്‍ നരേന്ദ്ര മോദി ശക്തനായ നേതാവാണെന്ന ആശയത്തെ ഞങ്ങള്‍ നശിപ്പിക്കുമെന്ന് ചൈന പറയുന്നു,” രാഹുല്‍ ഗാന്ധി പറഞ്ഞു.
“ഇതിനോട് എങ്ങനെ അദ്ദേഹം പ്രതികരിക്കുമെന്നതാണ് ഇപ്പോഴത്തെ ചോദ്യം. ഞാനാണ് പ്രധാനമന്ത്രി. എന്റെ പ്രതിച്ഛായയില്‍ ഞാന്‍ ശ്രദ്ധിക്കുന്നില്ല എന്ന് അദ്ദേഹം പറയുമോ. അതോ കീഴടങ്ങുമോ,” രാഹുല്‍ പറഞ്ഞു.
PM fabricated a fake strongman image to come to power. It was his biggest strength.
It is now India’s biggest weakness. pic.twitter.com/ifAplkFpVv
— Rahul Gandhi (@RahulGandhi) July 20, 2020
“പ്രധാനമന്ത്രി കീഴടങ്ങിയെന്നതാണ് എന്റെ വിഷമം. ഇന്ന് ചൈനാക്കാര്‍ നമ്മുടെ ഭൂമിയില്‍ ഇരിക്കുന്നു. എന്നാല്‍, അവരില്ലെന്ന് പ്രധാനമന്ത്രി പരസ്യമായി പറയുന്നു. അദ്ദേഹം തന്റെ പ്രതിച്ഛായയെ കുറിച്ച് ആശങ്കപ്പെടുന്നുവെന്നാണ് അത് സൂചിപ്പിക്കുന്നത്. ചൈനയ്ക്ക് തന്നെ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം ചൈനയ്ക്ക് മനസ്സിലാക്കി കൊടുക്കുകയാണെങ്കില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നില്ല,” രാഹുല്‍ പറഞ്ഞു.