വിദേശ രാജ്യങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പോകുമ്പോൾ അദ്ദേഹത്തെ ബഹുമാനിക്കണമെന്ന് ശശി തരൂർ എംപി.മോദി സ്തുതിയുടെ പേരിൽ ഏറെ വിമർശനങ്ങൾ നേരിട്ട വ്യക്തിയാണ് തിരുവനന്തപുരം എംപി ശശി തരൂർ. ആഗോളതലത്തിൽ നരേന്ദ്ര മോദി ഇന്ത്യയെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണെന്നും അവിടെ അദ്ദേഹം കൂടുതൽ ബഹുമാനം അർഹിക്കുന്നുണ്ടെന്നുമാണ് ശശി തരൂരിന്റെ പുതിയ വാദം.

“വിദേശത്തായിരിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടുതൽ ബഹുമാനം അർഹിക്കുന്നുണ്ട്, കാരണം അദ്ദേഹം അവിടെ രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. പക്ഷെ അദ്ദേഹം ഇന്ത്യയിലായിരിക്കുമ്പോൾ അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിനുള്ള അവകാശം നമുക്കുണ്ട്,” ശശി തരൂർ പറഞ്ഞു.

Also Read: അവസര സേവകർ എന്നും പാർട്ടിക്ക് ബാധ്യത; ശശി തരൂരിനെതിരെ മുല്ലപ്പള്ളി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകൾ അമേരിക്കയിൽ പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്തിരുന്നു. ഇത് സംബന്ധിച്ച വാർത്തയെ ഉദ്ധരിച്ചായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്. “ഒരു പ്രതിപക്ഷ എംപി എന്ന നിലയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളെയും പ്രസ്താവനകളെയും പ്രവർത്തനങ്ങളെയും എതിർക്കാനും പരാജയങ്ങളെ തുറന്ന് കാട്ടാനും എനിക്ക് അവകാശമുണ്ട്. എന്നാൽ വിദേശത്ത് പോകുമ്പോൾ അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രിയാണ്, ഒപ്പം എന്റെ ദേശീയ കൊടിയും അദ്ദേഹം കൂടെ കൊണ്ടുപോകുന്നു. എന്റെ രാജ്യത്തിന്റെ പ്രധാനമന്ത്രി ആയതിനാൽ തന്നെ അദ്ദേഹം നല്ല രീതിയിൽ സ്വീകരിക്കപ്പെടണമെന്നും പരിഗണിക്കപ്പെടണമെന്നും ഞാൻ ആഗ്രഹിക്കുന്നു.” ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.

Also Read: തന്നെ പഠിപ്പിക്കാന്‍ ആരും വരേണ്ടെന്ന് ശശി തരൂര്‍; ചെന്നിത്തലയ്ക്ക് മറുപടി

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എപ്പോഴും വിമർശിക്കുന്ന രീതി ശരിയല്ലെന്ന് പറഞ്ഞ് രംഗത്തെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശിന്റെയും മനു അഭിഷേക് സിങ്‌വിയുടെയും അഭിപ്രായത്തിന് പിന്തുണ അറിയിച്ചുകൊണ്ടുള്ള തരൂരിന്റെ ട്വീറ്റാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. താൻ ഈ സമയം ഏറ്റവും അധികം വിമർശിക്കപ്പെടുന്ന അഭിപ്രായത്തോട് യോജിച്ച് രംഗത്തെത്തിയ കൂടുതൽ പ്രതിപക്ഷ നേതാക്കളുടെ പ്രസ്താവനകളെ സ്വാഗതം ചെയ്യുന്നവെന്നുമായിരുന്നു തരൂരിന്റെ ട്വീറ്റ്.

Also Read: മോദി സ്‌തുതി: ശശി തരൂരിന്റെ വിശദീകരണം തൃപ്തികരം; കൂടുതൽ പ്രതികരണം വേണ്ടെന്ന് നേതാക്കൾക്ക് നിർദേശം

ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.മുരളീധരൻ എന്നിവർ രംഗത്തെത്തിയിരുന്നു. അവസര സേവകര്‍ എന്നും പാര്‍ട്ടിക്ക് ബാധ്യതയാണെന്നും, ഇനിയും അത്തരം ബാധ്യതകള്‍ ഏറ്റെടുക്കാനാകില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. എ.പി.അബ്ദുള്ളക്കുട്ടി ഉദാഹരണമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ” കോണ്‍ഗ്രസില്‍ ഇരുന്ന് മോദി സ്തുതി വേണ്ട. അതിന് ബിജെപിയിൽ പോക്കോളു. ഇനിയും ശശി തരൂര്‍ ഇത് തുടര്‍ന്നാല്‍ പരസ്യമായി ബഹിഷ്‌കരിക്കേണ്ടി വരുമെന്നായിരുന്നു,” കെ.മുരളീധരൻ പറഞ്ഞത്. ഇതിനോടും ശക്തമായ ഭാഷയിലാണ് ശശി തരൂർ പ്രതികരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook